ഡീപ് ഫേക്കിന് പിന്നാലെ എഐ രംഗത്ത് വീണ്ടും ആശങ്ക! എഐക്ക് ആളുകളുടെ കയ്യക്ഷരം അനുകരിക്കാനും കഴിവെന്ന് റിപ്പോർട്ട്
ടെക് ലോകത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഡീപ് ഫേക്ക്, വോയിസ് ക്ലോൺ എന്നിവയ്ക്ക് പിന്നാലെ പുതിയൊരു സുരക്ഷാ ഭീഷണിയാണ് എഐ ഉയർത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എഐ ടൂളുകൾ ഉപയോഗിച്ച് ഒരാൾ എഴുതുന്ന ശൈലി വരെ അനുകരിക്കാൻ കഴിഞ്ഞേക്കും. നല്ല ഉദ്ദേശത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളതെങ്കിലും, ഒരു കൂട്ടം ആളുകൾ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്.
അബുദാബിയിലെ മുഹമ്മദ് ബിൻ സെയ്ദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഗവേഷകരാണ് കൈയ്യക്ഷരം അനുകരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എഴുതിയ മെറ്റീരിയലിന്റെ ഏതാനും ഖണ്ഡികകളെ അടിസ്ഥാനമാക്കി ഒരാളുടെ കയ്യക്ഷരം അനുകരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതിനായി ഗവേഷകർ ഒരു ട്രാൻസ്ഫോർമർ മോഡലാണ് വികസിപ്പിച്ചിട്ടുള്ളത്. ഒരു ന്യൂറൽ നെറ്റ്‌വർക്ക് വഴി ഡാറ്റയിലെ സന്ദർഭവും, അർത്ഥവും പഠിക്കാൻ കഴിയുന്നതാണ്. പുതിയ ഇന്റലിജൻസ് സിസ്റ്റത്തിന് യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസ് സർവകലാശാലയിലെ സംഘത്തിന് പേറ്റന്റ് അനുവദിച്ചിട്ടുണ്ട്. നിലവിൽ, കയ്യക്ഷരം സൃഷ്ടിക്കാൻ കഴിയുന്ന റോബോട്ടുകളും ആപ്പുകളും ഉണ്ടെങ്കിലും, ഇതാദ്യമായാണ് എഐളുകൾ ഉപയോഗിച്ച് കയ്യക്ഷരം കൃത്യമായി അനുകരിക്കുന്നത്.