അവശ്യ ഘട്ടങ്ങളിൽ മൊബൈൽ ഫോണിലെ ചാർജ് തീരുമോ എന്ന് പേടിച്ച് പവർ ബാങ്ക് തൂക്കി നടക്കുന്നവരാണ് മിക്ക ആളുകളും. ദിവസങ്ങൾ വരെ ചാർജ് നിൽക്കുന്ന ബാറ്ററികൾ അടങ്ങിയ ഹാൻഡ്സെറ്റുകളാണ് ഓരോ കമ്പനികളും വിപണിയിൽ എത്തിക്കാറുള്ളത്. എന്നാൽ, ഒറ്റ ചാർജിൽ 50 വർഷക്കാലയളവ് വരെ മൊബൈലിലെ ചാർജ് നിലനിന്നാലോ? അതെ, അത്തരത്തിലൊരു ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് ചൈന. ചൈനയിലെ പ്രമുഖ സ്റ്റാർട്ടപ്പാണ് നൂതന സവിശേഷതകൾ ഉള്ള ബാറ്ററി വികസിപ്പിച്ചെടുത്തത്. ചാർജിംഗോ, മറ്റ് പരിപാലനമോ ഇല്ലാതെ തന്നെ 50 വർഷം വരെ ബാറ്ററി ലൈഫ് ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റവോൾട്ട് എന്ന കമ്പനിയാണ് ഈ ന്യൂക്ലിയർ ബാറ്ററി വികസിപ്പിച്ചിട്ടുള്ളത്. 15 മില്ലിമീറ്റർ സമചതുരത്തിൽ അഞ്ച് മില്ലിമീറ്റർ ഉയരമുള്ള ഒരു നാണയത്തേക്കാൾ ചെറിയ മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഈ ബാറ്ററി നിർമ്മിച്ചിട്ടുള്ളത്. നിലവിൽ, ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകളാണ് നടക്കുന്നത്. സ്മാർട്ട്ഫോണുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ വാണിജ്യ ആവശ്യങ്ങൾക്ക് ബാറ്ററി വ്യാവസായികമായി ഉൽപ്പാദിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, ന്യൂക്ലിയർ ബാറ്ററിക്ക് 3 വോൾട്ടിൽ 100 മൈക്രോവാട്ട് വൈദ്യുതി വരെയാണ് ഉൽപ്പാദിപ്പിക്കാൻ കഴിയുക.