വിഷൻ പ്രോയ്ക്ക് ഗംഭീര സ്വീകരണം! ദിവസങ്ങൾ കൊണ്ട് ഉൽപ്പന്നം സോൾഡ് ഔട്ടായതായി ആപ്പിൾ


ടെക് ലോകത്ത് ഏറെ ചർച്ച ചെയ്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ വിഷൻ പ്രോയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണം. മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻ പ്രോ വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് വിറ്റഴിഞ്ഞത്. ജനുവരി 19 വെള്ളിയാഴ്ച മുതലാണ് വിഷൻ പ്രോയുടെ പ്രീ ഓർഡർ ആരംഭിച്ചത്. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഇവ സ്റ്റോറേജ് വേരിയന്റുകളിൽ എത്തിച്ചത്. മണിക്കൂറുകൾക്കകം നിരവധി ആളുകൾ ഓർഡർ ചെയ്തതോടെ പ്രീ ഓർഡർ താൽക്കാലികമായി നിർത്തിവെച്ചെന്ന് ആപ്പിൾ വ്യക്തമാക്കി.

പ്രീ ഓർഡർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഫെബ്രുവരി 2 മുതൽ വിഷൻ പ്രോ ലഭ്യമായി തുടങ്ങും. അടുത്ത ഘട്ട ബുക്കിംഗ് മാർച്ചിലാണ് ആരംഭിക്കുക. 256 ജിബി വേരിയന്റിന് 3,499 ഡോളറും (ഏകദേശം 2,90,854 രൂപ), 512 ജിബി വേരിയന്റിന് (ഏകദേശം 3,07,479 രൂപ), 1 ടിബി വേരിയന്റിന് 3,899 ഡോളറുമാണ് (ഏകദേശം 3,24,104 രൂപ) വില. അതേസമയം, വിഷൻ പ്രോ കൊണ്ടുനടക്കാൻ ഉതകുന്ന, കെയ്സ് വേണമെങ്കിൽ 199 ഡോളർ അധികമായി നൽകണം.