മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകൾ ഹാക്ക് ചെയ്തു, പിന്നിൽ റഷ്യൻ ഹാക്കർമാർ


മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ ഇമെയിലുകൾ ചെയ്തു. കമ്പനിയുടെ കോപ്പറേറ്റ് നെറ്റ്‌വർക്കിൽ പ്രവേശിച്ച ഹാക്കർമാർ സൈബർ സെക്യൂരിറ്റി, ലീഗൽ എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ ഇമെയിൽ ഐഡികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ റഷ്യൻ ഹാക്കർമാരാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നും മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തു.

മിഡ്നൈറ്റ് ബ്ലിസാർഡ് എന്ന ഹാക്കർ സംഘമാണ് സംഭവത്തിന് പിന്നിൽ. ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലേക്കോ, മൈക്രോസോഫ്റ്റ് സർവറുകളിലേക്കോ ഹാക്കർമാർ പ്രവേശിച്ചിട്ടില്ലാത്തതിനാൽ, ഉൽപ്പന്നങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയില്ല. അതേസമയം, തങ്ങളുടെ സോഴ്സ് കോഡിലേക്കോ, എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് സംശയിക്കുന്ന മിഡ്നൈറ്റ് ബ്ലിസാർഡ് എന്ന ഹാക്കർ സംഘം ‘നൊബീലിയം’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവ റഷ്യൻ ബന്ധമുള്ളവരാണെന്നാണ് അമേരിക്കയുടെ വാദം. ഈ സംഘം ഇതിന് മുൻപ് യുഎസ് സർക്കാറിന്റെ കരാർ സ്ഥാപനങ്ങളിൽ ഒന്നായ സോളാർവിന്റ്സ് എന്ന സോഫ്റ്റ്‌വെയർ കമ്പനിക്ക് നേരെ സൈബർ ആക്രമണം നടത്തിയിരുന്നു.