ഒരു മാസം സ്മാർട്ട്ഫോൺ ഉപേക്ഷിക്കാൻ റെഡിയാണോ? എങ്കിൽ 8 ലക്ഷം രൂപ സ്വന്തമാക്കാം, പുതിയ ഓഫറുമായി ഈ കമ്പനി
ഭൂരിഭാഗം ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമായ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ. അതുകൊണ്ടുതന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉപയോഗിക്കാതിരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയിട്ടുണ്ട്. എന്നാൽ, സ്മാർട്ട്ഫോൺ ഉപേക്ഷിക്കുന്നവർക്ക് കൈ നിറയെ പണം ലഭിക്കാനുള്ള ഒരു ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് പ്രമുഖ ഐസ്‌ലൻഡിക് യോഗർട്ട് ബ്രാൻഡായ സിഗ്ഗിസ്.
ഒരു മാസം മുഴുവനും സ്മാർട്ട്ഫോൺ ഉപയോഗിക്കാതിരുന്നാൽ ഏകദേശം 10,000 ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. അതായത്, 8,32,000 രൂപ. ഡിജിറ്റൽ ഡിടോക്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് കമ്പനി ഈ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുമാസം സ്മാർട്ട്ഫോൺ പൂർണ്ണമായും ഒഴിവാക്കുന്ന 10 ഭാഗ്യശാലിക്ക് 8 ലക്ഷം രൂപ നേടാനാകും. മത്സരത്തിൽ അവരുടെ ഫോണുകൾ കമ്പനി ബോക്സുകളിൽ പൂട്ടിവയ്ക്കും. കൂടാതെ, ഒരു മാസം സൗജന്യമായി യോഗർട്ടും നൽകുന്നതാണ്. മത്സരാർത്ഥി യുഎസ്എസ് സ്ഥിരതാമസക്കാരനും കുറഞ്ഞത് 18 വയസ് പൂർത്തിയായിരിക്കുകയും ചെയ്യണം. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.