ന്യൂഡൽഹി: 5ജി സേവനങ്ങൾക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി ഏറെ നാൾ നീളില്ലെന്ന് വോഡഫോൺ- ഐഡിയ. അടുത്ത ആറ് മാസത്തിനകം രാജ്യത്ത് 5ജി കണക്ടിവിറ്റി ഉറപ്പുവരുത്താനാണ് കമ്പനിയുടെ തീരുമാനം. അതേസമയം, 2024-25 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 3ജി സേവനം പൂർണ്ണമായും നിർത്തലാക്കാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ 5ജി കണക്ടിവിറ്റിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് 2ജി, 3ജി സേവനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വോഡഫോൺ-ഐഡിയ കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 3ജി സേവനങ്ങൾ ഇതിനകം തന്നെ വോഡഫോൺ-ഐഡിയ അവസാനിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം ഇപ്പോൾ 4ജി സേവനമാണ് ലഭിക്കുന്നത്. 5ജി കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും ബഹുദൂരം മുന്നിലാണ്. രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും 5ജി സേവനം എത്തിക്കാൻ ഇരുകമ്പനികൾക്കും സാധിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക ഞെരുക്കം നേരിടുന്ന വോഡഫോൺ-ഐഡിയയ്ക്ക് ഇക്കാര്യത്തിൽ ഇനിയും സമയനിഷ്ഠ പാലിക്കാൻ സാധിച്ചിട്ടില്ല.