പേടിഎം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഫെബ്രുവരി 29 മുതൽ ഈ സേവനങ്ങൾ ലഭിക്കില്ലെന്ന് റിസർവ് ബാങ്ക്


ന്യൂഡൽഹി: രാജ്യത്തെ പേടിഎം ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നുമാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഉപഭോക്താക്കൾക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയില്ലെങ്കിലും, നിലവിലുള്ള തുക പിൻവലിക്കാനുള്ള അവസരമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന് ആർബിഐ കൈമാറി.

ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്നും പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരിധി വരെ ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്. സേവിംഗ്സ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയിൽ നിന്ന് പണം പിൻവലിക്കുന്നതിനും വിനിയോഗിക്കുന്നതിനും നിയന്ത്രണമില്ല. ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്‌മെന്റ്സ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.