കൗതുകകരമായ പ്രഖ്യാപനങ്ങൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ടെക് ലോകത്തെ ഞെട്ടിക്കുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക്. ഇപ്പോഴിതാ ചൊവ്വയുമായി ബന്ധപ്പെട്ടുള്ള മസ്കിന്റെ പുതിയ പ്രഖ്യാപനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അധികം വൈകാതെ ചൊവ്വയിൽ മനുഷ്യരുടെ കോളനികൾ സ്ഥാപിക്കാനാണ് മസ്കിന്റെ തീരുമാനം. ഇതിനായി 10 ലക്ഷം പേരെ ചൊവ്വയിലേക്ക് എത്തിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റോക്കറ്റിലാണ് ആളുകളെ ചൊവ്വയിലേക്ക് എത്തിക്കുക.
എക്സ് പോസ്റ്റ് മുഖാന്തരമാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. രാജ്യത്തുടനീളം നടക്കുന്ന വിമാനയാത്ര പോലെയായിരിക്കും ഒരിക്കൽ ചൊവ്വയിലേക്കുളള യാത്രയെന്നും മസ്ക് അറിയിച്ചു. ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്റ്റാർഷിപ്പ് ഏറെ സഹായകമാകുമെന്ന് മസ്ക് വ്യക്തമാക്കി. മനുഷ്യനെ ഒന്നിലധികം ഗ്രഹങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ച് ഇതിന് മുൻപും മസ്ക് പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെന്ന തരത്തിലാണ് മസ്കിന്റെ സമീപകാലത്തെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.