ചാനലുകളുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറണോ? കിടിലൻ ഫീച്ചർ ഇതാ എത്തി


ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അത്തരത്തിൽ കഴിഞ്ഞ വർഷം വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനലുകൾ. ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ ജനപ്രീതി നേടിയെടുക്കാൻ ചാനലുകൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചാനലുകളിൽ പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കളിലാണ് ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാൻ സാധ്യത. ചാനലുകളുടെ യഥാർത്ഥ ഉടമയ്ക്ക് അഡ്മിന് യോഗ്യരായ ഉപഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒരു പുതിയ ഉടമയെ തിരഞ്ഞെടുക്കാനാകും. ഇത്തരത്തിൽ റിക്വസ്റ്റ് സ്വീകരിക്കുന്ന ഉപഭോക്താവിന് ചാനലിന്റെ സമ്പൂർണ്ണ അധികാരം ലഭിക്കുന്നതാണ്. ചാനൽ ഡിലീറ്റ് ചെയ്യാനും, മറ്റ് അഡ്മിനുകളെ റിമൂവ് ചെയ്യാനും ഈ ഫീച്ചറിലൂടെ സാധിക്കും.

വരാനിരിക്കുന്ന അപ്ഡേറ്റിൽ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുന്ന ഫീച്ചർ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. അതേസമയം, ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഉപഭോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭിക്കും. മുൻ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ചില ബീറ്റാ ടെസ്റ്റർമാർക്കും ഈ ഫീച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്.