കാത്തിരിപ്പിനൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ, വിലയും ഫീച്ചറുകളും അറിയാം



ന്യൂഡൽഹി: കാത്തിരിപ്പുകൾക്കൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി നോട്ട് 13 പ്രോ+ 5ജി എന്നിവയാണ് ഷവോമി സ്മാർട്ട്ഫോൺ ആരാധകർക്കായി അവതരിപ്പിച്ചത്.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത സീരിസാണ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി മൂന്ന് റാമിലും വേരിയന്‍റിലുമാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. 6GB RAM/128GB ROM, 8GB RAM/256GB ROM, 12GB RAM/256GB ROM എന്നീ വേരിയന്‍റിലാണ് ഫോൺ ലഭ്യമാവുക. റെഡ്മി നോട്ട് 13 പ്രോ 23,999 രൂപയാണ് വില. റെഡ്മി നോട്ട് 13 5ജി 16,999 രൂപ മുതലാണ് ആരംഭിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ പ്ലസിന്‍റെ വില 29,999 രൂപയാണ്.

200 എംപി ക്യാമറ, അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഐപി 68 റേറ്റിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായാണ് പുത്തൻ റെഡ്മി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 13 സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 6080 ചിപ്പ്‌സെറ്റിന്‍റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന 5ജി സ്മാര്‍ട്‌ഫോണ്‍ ആണ്. 108 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിനുണ്ട്.

നോട്ട് 13 പ്രോ പ്ലസിൽ ഡൈമെന്‍സിറ്റി 7200 അള്‍ട്ര ചിപ്പ്‌സെറ്റില്‍, 200 എംപി എച്ച്പി3 സെന്‍സര്‍, 120 വാട്ട് ചാര്‍ജിങ് എന്നിവയുണ്ട്. ക്യാമറയില്‍ 4x സൂം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റെഡ്മി നോട്ട് 13 സീരിസ് ലോഞ്ചിനൊപ്പം ഷാവോമി ഹൈപ്പര്‍ ഒഎസും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട് ഹോം, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്‌ഫോണുകള്‍, വെയറബിള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.