ഫീച്ചറുകൾ കൊണ്ടും ഡിസൈൻ കൊണ്ടും ടെക് ലോകത്തെ ഏറെ ഞെട്ടിച്ച ബ്രാൻഡുകളിൽ ഒന്നാണ് നത്തിംഗ്. ഇപ്പോഴിതാ നത്തിംഗ് ഫോൺ 2എയിലെ പ്രോസസർ ചിപ്പിനെക്കുറിച്ചുളള ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കമ്പനി. നത്തിംഗിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മീഡിയാടെക് ഡൈമൻസിറ്റി പ്രോ എന്ന കസ്റ്റം ബിൽറ്റ് ചിപ്പാണ് നത്തിംഗ് 2എ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. നത്തിംഗ് വിപണിയിൽ എത്തിക്കുന്ന മൂന്നാമത്തെ ഹാൻഡ്സെറ്റാണ് നത്തിംഗ് 2എ. മുൻപ് പുറത്തിറക്കിയ രണ്ട് മോഡലുകളെക്കാളും ഇവയ്ക്ക് താരതമ്യേന വില കുറവാണ്.
നത്തിംഗ് 2എ സ്മാർട്ട്ഫോണുകളിൽ മീഡിയ ടെക്കിന്റെ ഡൈമൻസിറ്റി 7200 പ്രോസസറായിരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ ഔദ്യോഗിക വെളിപ്പെടുത്താൽ. എക്സ് പോസ്റ്റ് മുഖാന്തരമാണ് ഈ വിവരങ്ങൾ കമ്പനി പങ്കുവെച്ചത്. മികച്ച പ്രകടനവും ഊര്‍ജ്ജക്ഷമതയും നല്‍കുന്നതിന് നത്തിംഗും മീഡിയാ ടെക്കും ചേര്‍ന്നൊരുക്കിയതാണ് മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രോ കസ്റ്റംബില്‍റ്റ് ചിപ്പ്. 12 ജിബി റാമും 8 ജിബി റാം ബൂസ്റ്ററും ഇതിലുണ്ടാവും. ഫോണിന് മികച്ച പ്രവര്‍ത്തന വേഗത നൽകുന്ന 5ജി ചിപ്പ് കൂടിയാണിത്.