റിയാദ്: യോഗാഭ്യാസത്തിന് പിന്തുണ നൽകാൻ കരാറുകളിൽ ഒപ്പുവെയ്ക്കാൻ സൗദി അറേബ്യ. പ്രമുഖ സർവകലാശാലകളുമായും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായും ഒട്ടേറെ കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. യോഗപ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ആദ്യ അറബ് വനിത നൗഫ് അൽ മറൂയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂണിവേഴ്‌സിറ്റി ഗെയിമുകളുടെ സമ്പ്രദായത്തിൽ സൗദി സർവ്വകലാശാലകളുടെ സ്പോർട്സ് ഫെഡറേഷൻ കഴിഞ്ഞ ദിവസം റിയാദിൽ സംഘടിപ്പിച്ച സിംപോസിയത്തിന്റെ സെഷനുകളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു നൗഫ് അൽ മറൂയി. പൊതുവെ എല്ലാത്തരം യോഗ കായിക ഇനങ്ങളിലും മികച്ച കളിക്കാരുടെ കഴിവുകൾ കണ്ടെത്താനും യോഗാസന അവരുടെ കഴിവുകൾ വികസിപ്പിക്കാനും പ്രാദേശിക, രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ അവരെ സഹായിക്കാനും സമിതി ലക്ഷ്യമിടുന്ന യോഗ പരിശീലനം സർവകലാശാലകളിൽ സുസ്ഥിരമായ പ്രവർത്തനമായി മാറണമെന്ന് മറൂയി ആഹ്വാനം ചെയ്തു.
വിഷൻ 2030 കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കായിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും പ്രാദേശികമായി കായിക മികവ് കൈവരിക്കുകയും ചെയ്യുക എന്നതാണ്. യോഗാ കമ്മറ്റിയുടെ തലവൻ യോഗാസന കായികവിനോദത്തെക്കുറിച്ചും രാജ്യത്തിലെ ആദ്യ ചാംപ്യൻഷിപ്പിന്റെ സംഘാടനത്തെക്കുറിച്ചും വിശദമാക്കുകയും ചെയ്യും.