പ്യോങ്യാങ്: സൈനിക തലപ്പത്ത് വന്‍ അഴിച്ചു പണിയുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. സൈന്യത്തിലെ ടോപ് ജനറലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. യുദ്ധസാധ്യതകള്‍ക്കായി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താനും, ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും, സൈനികാഭ്യാസങ്ങളുടെ വിപുലീകരണത്തിനും കിം ആഹ്വാനം ചെയ്തതായി രാജ്യത്തെ പ്രമുഖ മാധ്യമമായ കെസിഎന്‍എ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയയുടെ ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്ത സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ യോഗത്തിലാണ് കിം ഈ അഭിപ്രായപ്രകടനം നടത്തിയത്. രാജ്യത്തെ ഉന്നത ജനറല്‍, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് പാക് സു ഇലിനെ പിരിച്ചുവിട്ടതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസത്തോളമായി അദ്ദേഹം ഈ ചുമതല വഹിക്കുകയായിരുന്നു.
മുന്‍പ് രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പരമ്പരാഗത സൈനികരുടെ ഉന്നത കമാന്‍ഡറായും സേവനമനുഷ്ഠിച്ച ജനറല്‍ റി യോങ് ഗില്‍ പാക്കിന് പകരം ചുമതല ഏറ്റെടുക്കും. റി മുമ്പ് സൈനിക മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.