2022 ൽ ചൈനയിലെ പ്രത്യുത്പാദന നിരക്ക് 1.09 എന്ന റെക്കോർഡ് താഴ്ചയിലെത്തിയതായി റിപ്പോർട്ട്. ഡെവലപ്‌മെന്റ് റിസർച്ച് സെന്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്. ദക്ഷിണ കൊറിയ, തായ്‌വാൻ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവയ്‌ക്കൊപ്പം ചൈനയുടെ പ്രത്യുത്പാദന നിരക്കും ഇപ്പോൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്.
ആറ് പതിറ്റാണ്ടിനിടയിൽ ചൈനയിൽ ആദ്യമായാണ് ജനസംഖ്യയിലും വൻ കുറവുണ്ടായത്. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി സാമ്പത്തിക സഹായങ്ങളും മെച്ചപ്പെട്ട ശിശു സംരക്ഷണ സൗകര്യങ്ങളും ഉൾപ്പെടെ ജനനനിരക്ക് ഉയർത്തുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണ്.
ഈ വിഷയം പഠിക്കുന്നതിനായി മേയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷി ജിൻപിംഗ് അധ്യക്ഷനായിരുന്നു. ജനസംഖ്യാ നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഭാവിയിൽ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന രീതിയിൽ പ്രത്യുത്പാദന നിരക്ക് നിലനിർത്താൻ ശ്രമിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
ഉയർന്ന ശിശു സംരക്ഷണ ചെലവുകളും കരിയർ അവസാനിപ്പിക്കേണ്ടി വരുന്നതുമാണ് സ്ത്രീകളെ കുട്ടികളെ പ്രസവിക്കുന്നതിൽ നിന്നും ഒന്നിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. കുട്ടികളെ സ്ത്രീകൾ തന്നെ പരിപാലിക്കുന്ന പരമ്പരാഗത ചിന്താരീതികളും ലിംഗ വിവേചനവും രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുട്ടികളെ വളർത്തുന്നതിനുള്ള ചുമതലകൾ പങ്കുവെക്കുന്നതിനായുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മിക്ക പ്രവിശ്യകളിലും പെന്റേണിറ്റി ലീവ് പോലും ഇപ്പോഴും ലഭ്യമല്ല.
സ്പെഷ്യൽ ചൈനീസ് ഭരണമേഖലയായ ഹോങ്കോങിൽ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കഴിഞ്ഞ വർഷം ഇരട്ടിയായതായി (43.2%) ഹോങ്കോങ്ങിലെ ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, 2017ൽ ഒരു സ്ത്രീക്കുള്ള ശരാശരി കുട്ടികളുടെ എണ്ണം 1.3 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് റെക്കോർഡ് നിരക്കിൽ കുറഞ്ഞ് 0.9ൽ എത്തി. ഇതിനെ തുടർന്ന് ഒന്നോ രണ്ടോ കുട്ടികളുള്ള ദമ്പതികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
ജപ്പാനിലെ പ്രായപൂർത്തിയായ ഏകദേശം 42 ശതമാനത്തോളം സ്ത്രീകള്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ ഒരു പഠനം പുറത്തു വന്നിരുന്നു. ഇത് രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതിക്ക് ഭീഷണിയായി തീരുമെന്നാണ് നിക്കെയ് പത്രം റിപ്പോര്‍ട്ട ചെയ്തത്. പുറത്തുവിടാനിരിക്കുന്ന സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. 2005ല്‍ ജനിച്ച 33.4 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതിരുന്നേക്കാമെന്ന് ജപ്പാന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസേര്‍ച്ച് കണക്കുകൂട്ടുന്നത്. ഏറ്റവും പ്രതീക്ഷയുയരുന്ന സാഹചര്യത്തില്‍പോലും ഇത് 24.6 ശതമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, സ്ത്രീകളെ അപേക്ഷിച്ച് വിവാഹിതരാകാത്ത പുരുഷന്മാരുടെ എണ്ണം കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.