പലസ്തീന് പിന്തുണ അറിയിക്കാൻ തണ്ണിമത്തന്‍ ഇമോജികള്‍ എന്തുകൊണ്ട് ?


ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം മൂന്നാഴ്ചയിലേറെയായി ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിവരികയാണ്. ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ 8,000-ത്തിലധികം ആളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചതോടെ ജൂതരാഷ്ട്രമായ ഇസ്രായേല്‍ ഒറ്റപ്പെടൽ നേരിടുന്നുണ്ട്.

ഇസ്രായേലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി ഉയര്‍ന്നുവരുന്നത് തണ്ണിമത്തന്റെ ചിത്രങ്ങളോട് കൂടിയ കൊടികളും ഫളക്‌സുകളുമാണ്. പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തണ്ണിമത്തന്‍ ഇമോജികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. അതെന്താണെന്ന് അറിയാമോ?.

Also read-ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേല്‍ മോചിപ്പിച്ചു തുടങ്ങി; യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ രക്ഷാപ്രവര്‍ത്തനം

പ്രതിരോധത്തിന്റെ പ്രതീകമായ തണ്ണിമത്തന്‍

തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീന്‍ പതാകയിലുള്ള നിറങ്ങളും. കൂടാതെ ഈ ഫലം സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയും വ്യക്തിത്വത്തെയും പ്രതീകപ്പെടുത്തുന്നു. ജെനിന്‍ മുതല്‍ ഗാസ വരെ പലസ്തീനിലുടനീളം തണ്ണിമത്തന്‍ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തെ സാഹിത്യ കൃതികളിലും തണ്ണിമത്തൻ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി, തങ്ങളുടെ സ്വത്വത്തെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധിക്കാന്‍ പലസ്തീനികള്‍ ഉപയോഗിക്കുന്ന ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഇത് മാറിയിരിക്കുന്നു.

1967-ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കന്‍ ജറുസലേം എന്നിവയുടെ നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തപ്പോള്‍, സര്‍ക്കാര്‍ അധിനിവേശ പ്രദേശത്ത് പലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. എന്നാല്‍ പതാക മാത്രമായിരുന്നില്ല മറ്റ് പലതും ഇസ്രായേല്‍ വിലക്കിയിരുന്നു.

1980-ല്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ തന്റെയും നബീല്‍ അനാനിയും ഇസ്സാം ബദര്‍ലും ഉള്‍പ്പെടെയുള്ള മറ്റ് കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന റമല്ലയിലെ ഒരു ആര്‍ട്ട് എക്‌സിബിഷന്‍ 1980ല്‍ തടഞ്ഞതായി ആര്‍ട്ടിസ്റ്റ് സ്ലിമാന്‍ മന്‍സൂര്‍ 2021-ല്‍ ദി നാഷണലിനോട് പറഞ്ഞു. ‘പലസ്തീന്‍ പതാക വരയ്ക്കുന്നത് കുറ്റകരമാണെന്നും അവര്‍ പറഞ്ഞിരുന്നു, പതാകയിലെ നിറങ്ങളും നിരോധിച്ചിരുന്നു’ -ആര്‍ട്ടിസ്റ്റ് സ്ലിമാന്‍ പറഞ്ഞു.

എന്നാൽ ഈ നിരോധനം മറികടക്കാന്‍ പലസ്തീനികള്‍ തണ്ണിമത്തന്‍ പ്രതിഷേധത്തിന്റെ പ്രതീകമായി ഉപയോഗിക്കാന്‍ തുടങ്ങി. തണ്ണിമത്തന്റെ ചിത്രങ്ങള്‍ കലയിലും ഷര്‍ട്ടുകളിലും ചുവർചിത്രങ്ങളിലും പോസ്റ്ററുകളിലും സോഷ്യല്‍ മീഡിയയില്‍ ഇമോജിയായും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

Also read-‘ഇസ്രായേലിലേക്കും ഗാസയിലേക്കും സൈന്യത്തെ അയയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല’: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

ഇസ്രായേലുമായുള്ള സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ആദ്യ ഔപചാരിക കരാറായ 1993-ലെ ഓസ്ലോ ഉടമ്പടി ഒപ്പുവെച്ചതോടെ പലസ്തീന്‍ പതാകയുടെ നിരോധനം പിന്‍വലിച്ചു.എന്നാല്‍ ഗാസ മുനമ്പില്‍, കഷ്ണങ്ങളായി മുറിച്ച തണ്ണിമത്തന്‍ കൊണ്ടുനടന്നതിന് യുവാക്കളെ ഒരിക്കല്‍ അറസ്റ്റുചെയ്തിരുന്നു എന്ന്, ന്യൂയോര്‍ക്ക് ടൈംസിലെ ഒരു ലേഖനത്തില്‍, പത്രപ്രവര്‍ത്തകന്‍ ജോണ്‍ കിഫ്നര്‍ എഴുതി.

തണ്ണിമത്തനും 2023 ലെ പ്രതിഷേധവും

2023 ജനുവരിയില്‍ പലസ്തീന്‍ പതാക വീണ്ടും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. പൊതു സ്ഥലങ്ങളില്‍ നിന്ന് പലസ്തീന്‍ പതാകകള്‍ കണ്ടുകെട്ടാന്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിരി പോലീസിന് നിര്‍ദ്ദേശം നല്‍കി. ജൂണില്‍, ഇസ്രായേല്‍ പാര്‍ലമെന്റായ സെനെറ്റില്‍ നിന്ന് പ്രാഥമിക അംഗീകാരം ലഭിച്ചതിന് ശേഷം, സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളില്‍ പതാക നിരോധിക്കുന്നതിനുള്ള ബില്‍ പാസാക്കിയതായി ഹാരെറ്റ്‌സിലെ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു.

മാത്രമല്ല അടുത്തിടെ പ്രൈഡ് പരേഡിനിടെ പതാക വീശിയതിന് ഒരു യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പതാക പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും അതിനാലാണ് യുവതിയെ അറസ്‌ററ് ചെയ്തതെന്നും പോലീസ് അവകാശപ്പെട്ടു. പൊതുസ്ഥലത്ത് പതാകകള്‍ വീശുന്നവരെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്, അറബ്-ഇസ്രായേല്‍ സമാധാന സംഘടനയായ സാസിം ഒരു ക്യാമ്പയിന്‍ ആരംഭിച്ചു. ടെല്‍ അവീവില്‍ ഓടുന്ന ഷെയര്‍ ടാക്‌സികളില്‍ തണ്ണിമത്തന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചിക്കുന്നതായിരുന്നു ക്യാമ്പയിന്‍.
ഇത് പലസ്തീന്‍ പതാകയല്ല എന്ന സന്ദേശവുമായാണ് പോസ്റ്ററുകള്‍ വന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഏത് നിരോധനത്തെയും മറികടക്കാന്‍ ഞങ്ങള്‍ എപ്പോഴും ഒരു വഴി കണ്ടെത്തും, അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കില്ല’- സാസിം ഡയറക്ടര്‍ റലൂക്ക ഗാനിയയെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോഴും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ തണ്ണിമത്തന്റെ സാന്നിധ്യം കാണുന്നുണ്ട്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും ചിഹ്നങ്ങളും നിരോധിച്ച ജര്‍മ്മനിയിലെ പ്രതിഷേധക്കാര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്താന്‍ തണ്ണിമത്തന്‍ ഉപയോഗിക്കുന്നതായി ചിലര്‍ അവകാശപ്പെട്ടു. അതേസമയം, പലസ്തീനിന് പിന്തുണ വര്‍ധിച്ചുവരികയാണ്, ഇത് ഇസ്രേയാല്‍ എങ്ങനെ നേരിടുമെന്ന് കണ്ടറിയാം.