ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിനു പിന്നാലെ, ഇസ്രായേൽ തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടെ, അയൽരാജ്യമായ ഈജിപ്തും ജോർദാനും എന്തുകൊണ്ട് പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കുന്നില്ല എന്ന ചോദ്യവും ഉയരുകയാണ്. എന്നാൽ ഗാസയുമായി അതിർത്തി പങ്കിടുന്ന ഈജിപ്തും വെസ്റ്റ് ബാങ്കുമായി അതിർത്തി പങ്കിടുന്ന ജോർദാനും ഇതിനു തയ്യാറാല്ല എന്ന് വ്യക്തമായി അറിയിച്ചിട്ടും ഉണ്ട്. ജോർദാനിൽ ഇതിനകം ഒരു വലിയ പലസ്തീൻ ജനസംഖ്യയുണ്ട് എന്നതും ഒരു കാരണമാണ്.
നിലവിലെ യുദ്ധം ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിനെതിരെ പോരാടാൻ മാത്രമല്ലെന്നും മറിച്ച്, അവിടെയുള്ളവർക്ക് ഈജിപ്തിലേക്ക് കുടിയേറാനുള്ള ശ്രമം കൂടിയാണെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ബുധനാഴ്ച പറഞ്ഞിരുന്നു. ഇത് ഈ മേഖലയിലെ സമാധാനം തകരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ കഴിഞ്ഞ ദിവസം സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. “ജോർദാനിൽ അഭയാർത്ഥികൾ പാടില്ല, ഈജിപ്തിലും അഭയാർത്ഥികളില്ല”, എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പലസ്തീനികളെ തങ്ങളുടെ രാജ്യത്തു നിന്നും സ്ഥിരമായി പുറത്താക്കാനും രാഷ്ട്രപദവിക്ക് വേണ്ടിയുള്ള പലസ്തീന്റെ ആവശ്യങ്ങൾ അസാധുവാക്കാനും ഇസ്രായേൽ ആഗ്രഹിക്കുന്നു എന്ന ഭയം ഇരു രാജ്യങ്ങൾക്കുമുണ്ട്.
പലായനത്തിന്റെ ചരിത്രം
പലസ്തീൻ ചരിത്രത്തിലെ ഒരു പ്രധാന വിഷയം തന്നെയാണ് പലായനം. ഇസ്രായേലിന്റെ പിറവിക്കു മുൻപുള്ള 1948-ലെ യുദ്ധത്തിൽ, ഏകദേശം 700,000 പലസ്തീനികൾ പുറത്താക്കപ്പെടുകയോ ഇന്നത്തെ ഇസ്രായേലിൽ നിന്ന് പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. പലസ്തീനികൾ ഈ സംഭവത്തെ അറബിയിൽ ‘നക്ബ’ (Nakba) എന്നാണ് വിളിക്കുന്നത്. 1967-ലെ മധ്യപൂർവ യുദ്ധത്തിൽ, ഇസ്രായേൽ വെസ്റ്റ് ബാങ്കും ഗാസ മുനമ്പും പിടിച്ചെടുത്തപ്പോൾ, 300,000 പലസ്തീനികൾ ജോർദാനിലേക്ക് പലായനം ചെയ്തു.
പലസ്തീൻ അഭയാർത്ഥികളും അവരുടെ പിൻഗാമികളും ഇപ്പോൾ ഏകദേശം 6 ദശലക്ഷത്തോളം വരും. ഇതിൽ പലരും വെസ്റ്റ് ബാങ്ക്, ഗാസ, ലെബനൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും കമ്മ്യൂണിറ്റികളിലും ആയാണ് താമസിക്കുന്നത്. ഗൾഫ് അറബ് രാജ്യങ്ങളിലോ പടിഞ്ഞാറൻ രാജ്യങ്ങളിലോ ആയി നിരവധി അഭയാർഥികൾ തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തു. ഇതോടെ പലസ്തീൻ പ്രവാസികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
1948-ലെ യുദ്ധം അവസാനിച്ച ശേഷം, അഭയാർഥികളെ തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങാൻ ഇസ്രായേൽ അനുവദിച്ചില്ല. അന്നുമുതൽ, സമാധാന കരാറിന്റെ ഭാഗമായി അഭയാർഥികളെ തിരികെ കൊണ്ടുവരാനുള്ള പലസ്തീനികളുടെ ആവശ്യങ്ങൾ ഇസ്രായേൽ നിരസിച്ചു. ഇത് രാജ്യത്തെ ജൂത ഭൂരിപക്ഷത്തിന് ഭീഷണിയാകുമെന്നാണ് ഇവരുടെ വാദം. ഈ ചരിത്രം ആവർത്തിക്കുമെന്നും ഗാസയിൽ നിന്നുള്ള ഒരു വലിയ പലസ്തീനിയൻ അഭയാർത്ഥി സമൂഹം എന്നെന്നേക്കുമായി പലായനം ചെയ്തേക്കുമെന്നും ഈജിപ്ത് ഭയപ്പെടുന്നു.
“ഗാസയുമായി ബന്ധപ്പെട്ട് തങ്ങളുടെ ഉദ്ദേശ്യങ്ങളെ കുറിച്ചും ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ കുറിച്ചും ഇസ്രായേലിന് വ്യക്തതയില്ല. ഈ ആശയക്കുഴപ്പം അയൽ രാജ്യങ്ങളുടെ ഭയം വർദ്ധിപ്പിക്കുന്നു”, ക്രൈസിസ് ഗ്രൂപ്പ് ഇന്റർനാഷണലിന്റെ നോർത്ത് ആഫ്രിക്ക പ്രോജക്ട് ഡയറക്ടർ റിക്കാർഡോ ഫാബിയാനി പറഞ്ഞു.