വത്സല ശ്രാംഗി
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ തൊഴിൽ സാഹചര്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഈ വേനൽക്കാലത്ത് കനേഡിയൻ കോളേജുകളിലും സർവ്വകലാശാലകളിലും എൻറോൾ ചെയ്ത പുതിയ വിദ്യാർത്ഥികൾ പാർപ്പിടം, ഭക്ഷണം, ജോലി തുടങ്ങിയ കാര്യങ്ങളിൽ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ അത് കൂടുതൽ വഷളായിരിക്കുകയാണ്.
മോഹന വാഗ്ദാനങ്ങൾ നൽകുന്ന ഏജന്റുമാരെയും താമസ സൗകര്യങ്ങൾ പോലും നൽകാതെ ക്ലാസുകൾ നീട്ടിക്കൊണ്ടു പോകുന്ന കോളേജുകളെയുമാണ് ഇക്കാര്യത്തിൽ പല വിദ്യാർത്ഥികളും കുറ്റപ്പെടുത്തുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനാനുമതി നൽകുന്ന ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും പലരും കുറ്റപ്പെടുത്തുന്നുണ്ട്.
കാനഡയിലെത്തിയതിന് ശേഷം ഇതുവരെ തനിക്ക് നാല് സ്ഥലങ്ങളിൽ മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇവിടെ പഠിക്കാനെത്തിയ പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഗഗൻ സിംഗ് പറയുന്നു. കാനഡയിലെത്തിയ ആദ്യ മാസങ്ങളിൽ ഒരു ബന്ധുവിന്റെ കൂടെയാണ് താമസിച്ചിരുന്നത്. പിന്നീട് ഒരു ബേസ്മെന്റിലേക്കും അതിനു ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലേക്കും താമസം മാറ്റി. ഉടൻ തന്നെ വീണ്ടും തന്റെ ബാഗുകൾ പാക്ക് ചെയ്യേണ്ടിവരുമോ എന്ന ആശങ്കയിലാണ് സിംഗ്. പാർട് ടൈം ജോലി ചെയ്തിരുന്നെങ്കിലും, സിംഗിന് കൊടുത്തിരുന്നതിനേക്കാൾ കുറഞ്ഞ കൂലിക്ക് മറ്റൊരാളെ ലഭിച്ചപ്പോൾ തൊഴിലുടമ അവിടെ നിന്നും പറഞ്ഞുവിട്ടു. വാടകക്കൊരു മുറി ലഭിക്കാൻ വേണ്ടി പാർട്ട് ടൈം ജോലിക്കുള്ള അന്വേഷണത്തിലാണ് ഗഗൻ സിംഗ് ഇപ്പോൾ.
കുറഞ്ഞ വേതനം, ഉയർന്ന വാടക, എന്നിവയെല്ലാം കാരണം കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ പലരും ബേസ്മെന്റുകൾ പങ്കുവെച്ചാണ് താമസിക്കുന്നത്. യാത്രക്കാർ കൂടുതൽ ഉള്ളതിനാൽ ചില റൂട്ടുകളിൽ, പ്രത്യേകിച്ച് ഒന്റാറിയോയിൽ ബസ് നിർത്താറു പോലും ഇല്ലെന്നും ചില വിദ്യാർത്ഥികൾ പറയുന്നു. പലചരക്ക് സാധനങ്ങൾ വാങ്ങാൻ ചിലർ ഫുഡ് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.
കോവിഡിനു ശേഷം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന
കോവിഡ് -19 മഹാമാരിക്കു ശേഷം, കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ ഭവന, തൊഴിൽ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയതെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നു.
ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജനപ്രിയ രാജ്യമാണ് കാനഡ. 2022-ലെ ഒരു പഠനത്തില്‍, 94 രാജ്യങ്ങളില്‍ നിന്നുള്ള 11,271 ആളുകളില്‍ ഐഡിപി നടത്തിയ സര്‍വേയില്‍ 27 ശതമാനം പേര് പറഞ്ഞത് കാനഡയായിരുന്നു അവരുടെ ആദ്യ ചോയ്സെന്നാണ്. കാനഡയിൽ താമസിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനം ഇന്ത്യക്കാരാണ്, അതായത് ഏകദേശം 2.4 ലക്ഷം. 2022 ല്‍ 184 രാജ്യങ്ങളില്‍ നിന്നായി 551,405 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെത്തിയെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്തുവിട്ട ഡാറ്റ പറയുന്നത്.
”അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വലിയ കുത്തൊഴുക്ക് കാനഡയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ പാർപ്പിട സൗകര്യങ്ങളോ കോളേജുകളിലും സർവ്വകലാശാലകളിലും ചേർന്ന വിദ്യാർത്ഥികൾക്കാവശ്യമായ ജോലികളോ ഇവിടെ ഇല്ല. കാനഡ സർക്കാർ ഇതിന് പരിഹാരം കാണാൻ നോക്കുമ്പോൾ, വിദ്യാർത്ഥികളെയും മാതാപിതാക്കളെ കബളിപ്പിക്കുന്ന, ലൈസൻസില്ലാതെയും സത്യസന്ധമല്ലാതെയും പ്രവർത്തിക്കുന്ന, ഏജന്റുമാരെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കും ഉണ്ട്. അങ്ങനെ ചെയ്താൽ മാത്രമേ പല വിദ്യാർത്ഥികൾക്കും ഇപ്പോഴത്തെ സാഹചര്യങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കൂ”, ഒന്റാറിയോയിലെ ബ്രാംപ്ടണിലുള്ള കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റ് മനൻ ഗുപ്ത ന്യൂസ് 18 നോട് പറഞ്ഞു. ഇവിടെ എൻറോൾ ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും ഗുപ്ത പറഞ്ഞു.
”ഇത്തരം പ്രശ്നങ്ങളെല്ലാം നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. എന്തുവിലകൊടുത്തും തങ്ങളുടെ കുട്ടികൾ ഇവിടെ സ്ഥിരതാമസമാക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ സമീപകാലത്ത് നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പലരും ഈ ചിന്തയിൽ നിന്നും ഒരടി പിറകോട്ടു മാറിയിട്ടില്ല. ഭൂരിപക്ഷവും ഇപ്പോഴും കാനഡ മോഹവുമായി ജീവിക്കുകയാണ്. സ്റ്റഡി പെർമിറ്റ് അപേക്ഷകൾ താൽകാലികമായി ഹോൾഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഏതാനും ചില രക്ഷിതാക്കൾ മാത്രമാണ് ഞങ്ങളെ വിളിച്ചത്”, ഗുപ്ത കൂട്ടിച്ചേർത്തു.
അംഗീകാരമില്ലാത്ത സ്വകാര്യ കോളേജുകൾ, തെറ്റായ വാഗ്ദാനങ്ങൾ
ഇന്ത്യയിൽ നിന്ന് പഠിക്കാനായി കാനഡക്ക് പോകുന്നവരിൽ 90 ശതമാനം പേരും പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കാനഡയിൽ ഒന്ന് എത്തിച്ചേരാനും പിന്നീട് ഇവിടെ തൊഴിൽ വിസ നേടാനും മാത്രമുള്ള മാർഗമായി ചിലർ ഇതിനെ കാണുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധരിൽ ചിലർ പറഞ്ഞു. അതിനായി പലരും ഏതെങ്കിലുമൊരു കോളേജിൽ എൻറോൾ ചെയ്യുന്നു. ഈ കോളേജുകളിൽ ഭൂരിഭാഗവും കമ്മ്യൂണിറ്റി സ്റ്റഡീസ്, ബിസിനസ് മാനേജ്മെന്റ് തുടങ്ങി ഫ്യൂച്ചറിസ്റ്റിക് അല്ലാത്ത കോഴ്സുകളിൽ ഒന്നോ രണ്ടോ വർഷത്തെ ഡിപ്ലോമകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഇത്തരം കോഴ്സുകൾ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ പലരും തങ്ങളുടെ കരിയറിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എങ്ങനെയെങ്കിലും ഇവിടെ സ്ഥിരതാമസമാക്കാനുള്ള വഴികളാണ് ഇവർ നോക്കുന്നത്. എങ്കിലും, അത്തരം കോളേജുകളിൽ പോലും കനേഡിയൻ വിദ്യാർത്ഥികൾ നൽകുന്നതിന്റെ നാലിരട്ടി ഫീസ് അവർ അടയ്ക്കുന്നു. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കും, ആഭ്യന്തര വിദ്യാർത്ഥികൾക്കും വ്യത്യസ്ത ഫീസ് ആണ് അടക്കേണ്ടത്.
”ഞാൻ ഇക്കഴിഞ്ഞ മെയ് മാസത്തിൽ കാനഡയിൽ എത്തിയതാണ്. ഇവിടെ ഒരു കോളേജിൽ ബിസിനസ് ഡിപ്ലോമയ്ക്കാണ് ചേർന്നത്. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഈ കോളേജ് താമസ സൗകര്യം നൽകുന്നില്ല. ഒരു മാസത്തോളം ഞാൻ എന്റെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചു, പക്ഷേ പിന്നീട് എനിക്ക് അവിടെ നിന്നും മാറേണ്ടി വന്നു. 1,400 കനേഡിയൻ ഡോളറിന് ഞാൻ മറ്റ് മൂന്ന് പേരുമായി ചേർന്ന് ഒരു ബേസ്മെന്റ് പങ്കിട്ടു. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം 1,400 കനേഡിയൻ ഡോളർ വളരെ ഉയർന്ന തുകയാണ്. കെട്ടിടത്തിന്റെ ഉടമയുമായി പിന്നീട് ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന്, ഞങ്ങൾ മറ്റൊരിടത്തേക്ക് മാറി. അതിനു ശേഷം ഞാൻ ഒരു സുഹൃത്തിനൊപ്പം താമസം ആരംഭിച്ചു”, 12-ാം ക്ലാസ് പഠനത്തിനു ശേഷം ലുധിയാനയിൽ നിന്ന് കാനഡയിലേക്ക് പോയ ഗഗൻ സിംഗ് പറഞ്ഞു.
”എനിക്ക് ഒരു പാക്കേജിംഗ് യൂണിറ്റിൽ വളരെ കുറഞ്ഞ വേതനത്തിൽ ഒരു ജോലി ലഭിച്ചിരുന്നു. പക്ഷേ അവർക്ക് അതിലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ ഒരാളെ ലഭിച്ചപ്പോൾ എനിക്ക് ജോലി നഷ്ടപ്പെട്ടു. വാടകയ്ക്ക് സ്വന്തമായി പണം കണ്ടെത്താനാകുമെന്നും മാതാപിതാക്കളോട് ചോദിക്കേണ്ടി വരില്ലെന്നുമാണ് ഞാൻ കരുതിയത്. പക്ഷേ എനിക്ക് അതിന് സാധിക്കുന്നില്ല. ഇവിടെ ഇറങ്ങിയ ഉടൻ എനിക്ക് ജോലി ലഭിക്കുമെന്ന് പറഞ്ഞ ഇന്ത്യയിലെ ഏജന്റുമാരാരും ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല”, ഗഗൻ സിംഗ് കൂട്ടിച്ചേർത്തു.