അസോസിയേറ്റഡ് പ്രസ്സ്
കോംഗോയിൽ എബോള പ്രതിരോധത്തിനെത്തിയ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥരുടെ ലൈംഗികപീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് ഡബ്ള്യുഎച്ച്ഒ 250 ഡോളർ വീതം (20,000 രൂപ) നഷ്ടപരിഹാരം നൽകി. ലൈംഗികാതിക്രമം തടയാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ ഇതേക്കുറിച്ച് നേരിട്ട് മനസിലാക്കാൻ ഇക്കഴിഞ്ഞ മാർച്ചിൽ കോംഗോയിൽ എത്തിയിരുന്നു. പ്രദേശത്തെ നൂറിലേറെ സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരകളായെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലൈംഗിക പീഡനത്തിന് ഇരകളായവർക്കു ജനിച്ച പതിനേഴു കുട്ടികളുടെ ചികിത്സാ ചെലവ് വഹിക്കാനും ലോകാരോഗ്യ സംഘടന പ്രവർത്തിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ലൈംഗികാതിക്രമത്തിന് ഇരകളായ സ്ത്രീകളിൽ ഒരാൾ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു കുഞ്ഞിനു ജൻമം നൽകിയതായും ലോകാരോഗ്യ സംഘടനയിലെ ഡോ. ഗയാ ഗാംഹെവാഗെ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. എബോള തടയാൻ രാജ്യത്തെത്തിയ ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി നൂറിലേറെ സ്ത്രീകൾ പരാതിപ്പെട്ടതായും ഡോ. ഗയാ ഗാംഹെവാഗെ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയിലെ ഒരു ഡോക്ടർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും താൻ ഒരു കുട്ടിക്ക് ജൻമം നൽകിയെന്നും, അതിനാൽ തനിക്ക് ഭൂമിയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണമെന്നും ഇരകളിലൊരാൾ ഡബ്ള്യുഎച്ച്ഒയോട് ആവശ്യപ്പെട്ടു. ഇക്കാര്യം തങ്ങൾ പരിശോധിച്ചു വരികയാണെന്നും ഡോ. ഗയാ ഗാംഹെവാഗെ പറഞ്ഞു.
Also read-എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് – ബൈഡന് കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ
എന്നാൽ, കോംഗോ തലസ്ഥാനത്ത് ജോലി ചെയ്യുന്ന യു.എൻ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ചെലവിനേക്കാൾ കുറവാണ് ഇരകൾക്ക് ലഭിച്ച നഷ്ടപരിഹാരമെന്ന് അസോസിയേറ്റഡ് പ്രസ്സിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഒരു ദിവസം 2.15 ഡോളറിൽ താഴെ മാത്രം വരുമാനം ലഭിക്കുന്നവരാണ് ഈ രാജ്യത്തുള്ളവരെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ രേഖകൾ സൂചിപ്പിക്കുന്നു. ഇവരുടെ നാലു മാസത്തെ സാധാരണ ജീവിതച്ചെലവുകൾക്കുള്ള തുക മാത്രമേ സംഘടന നൽകിയിട്ടുള്ളൂ. ഈ പണം ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങളും ഉണ്ടായിരുന്നു. വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തുവർക്കു മാത്രമേ ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂ. തങ്ങൾക്ക് ലഭിച്ച പണം ഒന്നിനും പര്യാപ്തമല്ലെന്നും നീതി ഉറപ്പാക്കണമെന്നുമാണ് ഇരകളിൽ ചിലർ പറയുന്നത്.
ഡബ്ള്യുഎച്ച്ഒ ഉദ്യോഗസ്ഥരാൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കോംഗോയിലെ പല സ്ത്രീകൾക്കും ഇപ്പോഴും ഈ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇരകളിൽ മൂന്നിലൊന്ന് പേരെയും കണ്ടെത്തുക എന്നത് അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം തയ്യാറാക്കിയ ഒരു രഹസ്യ രേഖയിൽ പറയുന്നതായും അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിരവധി സ്ത്രീകൾ തങ്ങളുടെ ഓഫർ നിരസിച്ചതായും ഡബ്ള്യുഎച്ച്ഒ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിന് മുമ്പ് സ്ത്രീകൾ പരിശീലന പരിപാടിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് യു.എൻ ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ക്യാംപെയ്ൻ നയിക്കുകയും ചെയ്യുന്ന പോള ഡോനോവൻ പറഞ്ഞു.