നാസി ബന്ധമുള്ള സൈനികന് ജസ്റ്റിന്‍ ട്രൂഡോയുടെ ആദരം; കനേഡിയന്‍ സ്പീക്കര്‍ ജൂതസമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞു


നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിഷയം വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ആന്റണി റോട്ട. കാനഡയുടെ പ്രതിപക്ഷ നേതാവായ പിയറി പൊയ്‌ലിവറാണ് ട്രൂഡോയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതേത്തുടര്‍ന്നാണ് ജൂത സമൂഹത്തോട് മാപ്പ് പറയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.

യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സികയുടെ കാനഡ സന്ദര്‍ശന വേളയ്ക്കിടെയാണ് നാസി വിഭാഗമായ എസ്എസിന്റെ 14-മത് വാഫെന്‍ ഗ്രനേഡിയര്‍ ഡിവിഷനിലെ ഒരു വിമുക്ത ഭടനെ ട്രൂഡോ സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തത്.

തുടര്‍ന്ന് സംഭവത്തില്‍ ട്രൂഡോ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പോയിലിവര്‍ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സെലന്‍സ്‌കിയുടെ സന്ദര്‍ശന വേളയില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് ഒരു നാസി സൈനികനെ അംഗീകരിക്കാന്‍ ലിബറലുകള്‍ തയ്യാറായി. ട്രൂഡോയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ തെറ്റാണിതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. കാനഡയിലെ മനുഷ്യാവകാശ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് സൈമണ്‍ വീസെന്തല്‍ സെന്ററും വിഷയത്തില്‍ അമര്‍ഷം രേഖപ്പെടുത്തി.

തുടര്‍ന്നാണ് കാനഡയിലേയും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തോട് ക്ഷമാപണം നടത്തി ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ആന്റണി റോട്ട രംഗത്തെത്തിയത്. സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

അതേസമയം യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് സെലന്‍സ്‌കി പാര്‍ലമെന്റില്‍ സംസാരിച്ചത്. ഇതിന് കാനഡയുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ അദ്ദേഹം കാനഡയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അല്‍ ജസീറ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.

ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്ക് സമീപത്ത് വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.