കഷ്ടമാണ് കൂട്ടരേ; 700 മില്യണ്‍ ഡോളര്‍ അടച്ച ശേഷം ഐഎംഎഫില്‍ നിന്ന് വേറൊരു വായ്പ കൂടി എടുക്കേണ്ടി വരും: പാക് ധനകാര്യ മന്ത്രി


പാകിസ്ഥാന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ഇനിയും സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന് പാക് ധനകാര്യമന്ത്രി ഷംഷാദ് അക്തര്‍. നവംബര്‍ 16ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം. ” രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോഴും ദുര്‍ബലമാണ്. ഐഎംഎഫിനെ വീണ്ടും ആശ്രയിക്കേണ്ടിവരും. അടുത്ത് തന്നെ വായ്പയ്ക്കായി അന്താരാഷ്ട്ര നാണയനിധിയെ സമീപിക്കും” മന്ത്രി പറഞ്ഞു. നിലവിലെ ഒരു പദ്ധതിയ്ക്ക് കീഴില്‍ പാകിസ്ഥാന്‍ ഐഎംഎഫുമായി 700 മില്യണ്‍ ഡോളര്‍ പേഔട്ടിനുള്ള കരാറില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ അഭിപ്രായം.

അടുത്ത ഫെബ്രുവരിയോടെയാണ് പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ കടമാണ് അതേവര്‍ഷം രാജ്യം തിരിച്ചടയ്‌ക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് ഐഎംഎഫ് നവംബര്‍ 15ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനിലെ താല്‍ക്കാലിക സര്‍ക്കാര്‍ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഐഎംഎഫ് ഇക്കാര്യം അറിയിച്ചത്.

Also read-WHO ഉദ്യോഗസ്ഥരുടെ ലൈംഗിക ഇരകൾക്ക് 20,000 രൂപ വീതം നഷ്ടപരിഹാരം; ഉദ്യോഗസ്ഥരുടെ ദിവസചെലവിനേക്കാൾ കുറവ്

പാകിസ്ഥാനിലെ ഇടക്കാല സര്‍ക്കാരിന്റെ കാലാവധി ഫെബ്രുവരിയോടെ അവസാനിക്കാനിരിക്കുകയാണ്. അതേസമയം വായ്പ സഹായം ആവശ്യമായതിനാല്‍ ഇടക്കാല സര്‍ക്കാര്‍ ഐഎംഎഫുമായി വീണ്ടും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് അക്തര്‍ പറഞ്ഞു. ഡിസംബറില്‍ രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം വര്‍ധിക്കുമെന്നും അക്തര്‍ പറഞ്ഞു. അതേസമയം ആഗോള ബോണ്ട് വിപണിയില്‍ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള പദ്ധതി പാകിസ്ഥാന്‍ തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണ്. മറ്റ് ഫണ്ടിംഗ് സ്രോതസ്സുകളെപ്പറ്റി സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഐഎംഎഫ് പിന്തുണ പ്രധാനമന്ത്രി അന്‍വര്‍ ഉല്‍ ഹഖ് കാക്കറിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, വേള്‍ഡ് ബാങ്ക്, ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയില്‍ നിന്ന് 6.3 ബില്യണ്‍ ഡോളര്‍ വായ്പ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി അന്‍വര്‍ ഉല്‍ ഹഖ് കാക്കര്‍. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഏകദേശം 10 ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാനും പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ പാകിസ്ഥാന്റെ സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ച് നിക്ഷേപകരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.