ജൂത വിരുദ്ധ നിലപാട്: ഇലോണ്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്; എക്‌സില്‍ നിന്ന് പ്രമുഖ കമ്പനികള്‍ പരസ്യം പിന്‍വലിച്ചു
ജൂതവിരുദ്ധ നിലപാടിനെ പിന്തുണച്ചതില്‍ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്. പിന്നാലെ എക്‌സില്‍ നിന്നും പരസ്യങ്ങള്‍ പിന്‍വലിച്ച് ആഗോള തലത്തിലെ പ്രമുഖ കമ്പനികളും രംഗത്തെത്തി. വാള്‍ട്ട് ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ നിരവധി കമ്പനികളാണ് എക്‌സില്‍ നിന്നും പരസ്യം പിന്‍വലിച്ചത്. ജൂതരാണ് വെള്ളക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നത് എന്ന എക്‌സിലെ പോസ്റ്റിന് മസ്‌ക് അംഗീകാരം നല്‍കിയതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ”ജൂതവിരുദ്ധ വംശീയ വിദ്വേഷം പ്രതിഫലിക്കുന്ന പ്രചരണമാണിത്.അമേരിക്കക്കാരെന്ന നിലയില്‍ നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണീ പ്രചരണം,” എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചു.
” ഈ നുണ പ്രചരണം ആവര്‍ത്തിക്കുന്നത് അംഗികരിക്കാനാകില്ല. ഹോളോകോസ്റ്റിന് ശേഷം ജൂത ജനതയുടെ ജീവിതത്തില്‍ ദുരന്തം വിതച്ച ഒരു ദിവസം സംഭവിച്ചിട്ട് മാസങ്ങളെ ആകുന്നുള്ളു,” വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്‌സ് പറഞ്ഞു. ഒക്ടോബര്‍ 7ന് ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാരമൗണ്ട്, ലയണ്‍സ് ഗേറ്റ് എന്നീ കമ്പനികളും എക്‌സില്‍ നിന്ന് തങ്ങളുടെ പരസ്യം പിന്‍വലിച്ചിട്ടുണ്ട്. ഐബിഎം നേരത്തെ തന്നെ പരസ്യം പിന്‍വലിച്ചിരുന്നു. 2022 ഒക്ടോബറില്‍ കമ്പനി തലപ്പത്തേക്ക് മസ്‌ക് എത്തിയത് മുതല്‍ നിരവധി പരസ്യ ദാതാക്കളാണ് എക്‌സ് വിട്ട് പോയത്.
തുടര്‍ന്ന് വിദ്വേഷപ്രസംഗവും വംശീയതയും ഉള്‍പ്പെടുന്ന കണ്ടന്റുകള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ ഈയിടയായി വര്‍ധിച്ച് വരികയാണ്. ഇസ്രായേല്‍ ഹമാസ് പോരാട്ടത്തിന് പിന്നാലെയാണ് ഈ രീതി വ്യാപകമായത്. നേരത്തെ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സിഇഒ ലിന്‍ഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രട്ടണ്‍ എക്സ് മേധാവി ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ എക്സില്‍ നിന്നും നീക്കം ചെയ്തത്.
നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണെന്ന് സിഇഒ ലിന്‍ഡ യക്കാരിനോയും വ്യക്തമാക്കി. ‘ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തു,” ലിന്‍ഡ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വ്യാജവും കൃത്രിമവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയ നിരവധി അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണെന്നും ലിന്‍ഡ പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വ്വീസ് ആക്ട് പാസാക്കിയത്. ഇതുപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കര്‍ശനമായി നിരീക്ഷിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ‘ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എക്സില്‍ സ്ഥാനമില്ല. അത്തരം അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യും,” എന്നും ലിന്‍ഡ യക്കാരിനോ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിലും അവ നിയന്ത്രിക്കുന്നതിലും ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് എക്സ് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിലയിരുത്തല്‍.