ഇസ്ലാമിക പ്രാർത്ഥനയോടെ പന്നിയിറച്ചി കഴിച്ച ഇന്തോനേഷ്യന്‍ യുവതിയ്ക്ക് രണ്ട് വര്‍ഷം തടവ്


ജക്കാര്‍ത്ത: ഇസ്ലാമിക വചനം പറഞ്ഞതിന് ശേഷം പന്നിയിറച്ചി കഴിക്കുന്ന ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയ്ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് കോടതി. ഇന്തോനേഷ്യന്‍ കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ലിന ലുത്ഫിയാവാറ്റി എന്ന 33 കാരിയാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തത്.മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. 16,245 ഡോളര്‍ പിഴയും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

ബോളിവുഡ് സിനിമകളോടുള്ള പ്രണയം കാരണം ലിന മുഖര്‍ജി എന്ന പേര് സ്വീകരിച്ചയാളാണ് ലിന ലുത്ഫിയാവാറ്റി. രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഇവര്‍ മുസ്ലീം മതവിശ്വാസിയാണ്. പന്നിയിറച്ചി നിഷിദ്ധമായി കണക്കാക്കുന്നവരാണ് ഇസ്ലാം മതവിശ്വാസികള്‍.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിവാദ വീഡിയോ ഇവര്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്. ഇസ്ലാമിക വചനമായ ‘ബിസ്മില്ലാഹ് ‘ എന്ന് ചൊല്ലിയ ശേഷം പന്നിയിറച്ചി കഴിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ‘ദൈവനാമത്തില്‍’ എന്നാണ് ബിസ്മില്ലാഹ് കൊണ്ടുദ്ദേശിക്കുന്നത്.

ബാലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഈ വീഡിയോ എടുത്തത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് ബാലി. അവിടവെച്ചാണ് പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ലിന പോസ്റ്റ് ചെയ്ത്. ഒരു കൗതുകത്തിനാണ് താന്‍ പന്നിയിറച്ചി കഴിച്ചതെന്നായിരുന്നു ലിന പിന്നീട് പറഞ്ഞത്.

ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ലിനയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇസ്ലാം വിശ്വാസിയായിട്ടും പന്നിയിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരാള്‍ ലിനയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് പോലീസ് ലിനയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മെയിലാണ് കേസെടുത്തത്. വീഡിയോയ്‌ക്കെതിരെ മതനിന്ദ കുറ്റം ആരോപിച്ച് നിരവധി യാഥാസ്ഥിതിക സംഘടനകളും രംഗത്തെത്തി. ഇന്തോനേഷ്യയിലെ ഉന്നത മുസ്ലീം പുരോഹിത സംഘടനയായ ഉലെമാ കൗണ്‍സിലും വീഡിയോയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ലിനയെ പിന്തുണച്ചും നിരവധി പേര്‍ മുന്നോട്ട് വന്നു. അഴിമതി കേസുകള്‍ക്ക് പോലും ഇത്രയും ശിക്ഷ കൊടുക്കാറില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.

കര്‍ശനമായ മതനിന്ദ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. പല മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും ഇത്തരം നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് നിരവധി സംഘടനങ്ങള്‍ ആരോപിച്ചിട്ടുണ്ട്.

2017ല്‍ ജക്കാര്‍ത്തയുടെ മുന്‍ ഗവര്‍ണറായിരുന്ന ബസുകി തജ്ഹാജ പര്‍ണാമയ്‌ക്കെതിരെയും സമാനമായ കുറ്റം ചുമത്തി കേസെടുത്തിരുന്നു. മതപരമായ അവഹേളനം നടത്തിയെന്നാരോപിച്ചായിരുന്നു ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ തടവാണ് ഇദ്ദേഹത്തിന് കോടതി വിധിച്ചത്.