ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ആരോപണങ്ങളും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരിക്കുകയാണ്. ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയിരുന്നു. പിന്നാലെ, കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയായിരുന്നു നടപടി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാനഡയിൽ ഖാലിസ്ഥാനികൾ നിരവധി ഇന്ത്യാ വിരുദ്ധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഇതേക്കുറിച്ച് ഇന്ത്യ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷവും ഖാലിസ്ഥാനി ഭീകരർ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഹിന്ദു ക്ഷേത്രങ്ങളും ഖാലിസ്ഥാൻ ഭീകരർ തകർത്തിരുന്നു.
പഞ്ചാബിന് പുറത്ത് ഏറ്റവും കൂടുതൽ സിഖുകാരുള്ളത് കാനഡയിലാണ്. കാനഡയിലെ ഏറ്റവും വലിയ വിദേശ കമ്മ്യൂണിറ്റികളിൽ ഒന്നും ഇന്ത്യൻ പ്രവാസികളാണ്. മൊത്തം 40 ദശലക്ഷമുള്ള കനേഡിയൻ ജനസംഖ്യയിൽ ഏകദേശം 1.4 ദശലക്ഷവും ഇന്ത്യക്കാരാണ്. 2021 ലെ സെൻസസ് പ്രകാരം ഏകദേശം 7,70,000 പേർ സിക്ക് മതക്കാരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കാനഡയിൽ ഏകദേശം 8 ലക്ഷം സിക്കുകാർ താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗത്തിനും വോട്ടവകാശവും ഉണ്ട്.
കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ആകെ 338 എംപിമാരുണ്ട്, അതിൽ 18 പേർ സിക്ക് എംപിമാരാണ്. റിപ്പോർട്ടുകൾ പ്രകാരം, കാനഡയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ മൂന്നാം സ്ഥാനത്താണ് പഞ്ചാബി ഭാഷ. ഇക്കാര്യത്തിൽ ഇംഗ്ലീഷ് ഒന്നാമത്തേതും ഫ്രഞ്ച് രണ്ടാമതുമാണ്. കാനഡയിലെ ഒരു പ്രബല വിഭാഗമാണ് സിക്കുകാർ. കുറഞ്ഞത് എട്ട് പാർലമെന്റ് സീറ്റുകളിലെങ്കിലും ഇവർ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ നിർണായകമായ പാർലമെന്റ് സീറ്റുകളാണിവ. കാനഡയിലെ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ സിക്കുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ധൈര്യപ്പെടാത്തതിന്റെയും ഖലിസ്ഥാനികൾക്കെതിരെ തിരിയാത്തതിന്റെയും കാരണം ഇതാണ്.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തു വെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റു മരിച്ചത്. നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന തരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് നിലവിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഹർദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുകയാണെന്നും ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അസംബന്ധമാണെന്നും ഇന്ത്യ പ്രതികരിച്ചു.