ഇന്ത്യ – കാനഡ ബന്ധം: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ


ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ. സിക്ക് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കാനഡ പൗരന്മാര്‍ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ജമ്മു കശ്മീരിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും അതിനാൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ, ആഭ്യന്തര കലാപം, തീവ്രവാദ സാധ്യത എന്നിവ ഈ ഭാഗത്ത് നിന്ന് ഉണ്ടായേക്കാം എന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

കൂടാതെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലും നിരവധി തീവ്രവാദ, വിമത ഗ്രൂപ്പുകൾ സജീവമാണെന്നും അത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം തീവ്രവാദ സംഘടനകൾ ധന സഹായം ആവശ്യപ്പെട്ട് വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്തേക്കാം എന്നും സംസ്ഥാനത്തെ വംശീയ സംഘർഷങ്ങൾ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ഇടയാക്കും എന്നും കാനഡ സൂചന നൽകിയതായാണ് റിപ്പോർട്ട്‌ .

India-Canada| തിരിച്ചടിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം

“തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നിരന്തരം അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്. സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ സാധാരണക്കാരെ പോലും മരണത്തിലേക്ക് നയിച്ചു.” അതിനാൽ കൂടുതൽ ആക്രമണങ്ങൾ എപ്പോൾ വേണമെങ്കിലും നടന്നേക്കാം എന്നും കാനേഡിയൻ സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം ഈ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാനോ സംഘർഷമുണ്ടാക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്ന് നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. എങ്കിലും ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു.

India-Canada| ‘അസംബന്ധവും ഗൂഢലക്ഷ്യത്തോടെയുള്ളതും; ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു’: കാനഡയുടെ വാദങ്ങൾ തള്ളി ഇന്ത്യ

ജൂണ്‍ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. ഇതിനെ തുടർന്ന് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കുമാർ റായിക്കിനോടാണ് രാജ്യം വിടാൻ കാനഡ നിർദേശം നൽകിയത്. കൂടാതെ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ഇതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഈ നടപടിക്ക് ശേഷമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ സർക്കാർ രംഗത്തെത്തിയത്.

എന്നാൽ ഇന്ത്യ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ കൂടിയായ നിജ്ജാർ ഈയടുത്ത് ഇന്ത്യ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഉൾപ്പെട്ടിരുന്ന ആളാണ്. എന്നാൽ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അപ്രതീക്ഷിത കൊല്ലപ്പെടൽ ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നത്.