യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കും


യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാല. കൊല്ലപ്പെട്ട ജാന്‍വി കാണ്ഡുല ഇവിടെയാണ് പഠിച്ചിരുന്നത്. സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ജാന്‍വി.

ജാന്‍വിയ്ക്ക് മരണാന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന കാര്യം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിരുദം ജാന്‍വിയുടെ കുടുംബത്തിന് കൈമാറുമെന്നും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

” സര്‍വകലാശാലയിലെ എല്ലാവര്‍ക്കും അവളുടെ ചിരിയും കളിയും നര്‍മ്മബോധവും ഇഷ്ടമായിരുന്നു. ജാന്‍വിയുടെ നഷ്ടം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ദു:ഖത്തിലാഴ്ത്തിയിട്ടുണ്ട്,” എന്ന് സര്‍വകലാശാല ഡീന്‍ ഡേവ് ടൂര്‍മാന്‍ പറഞ്ഞു.

Also read-ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തെ പരിഹസിച്ച അമേരിക്കന്‍ പോലീസുദ്യോഗസ്ഥനെതിരെ കേസ്

കാല്‍നടക്കാർക്കായുള്ള ക്രോസിംഗില്‍ വെച്ചാണ് അമിതവേഗത്തിലെത്തിയ പോലീസ് വാഹനം ജാന്‍വിയെ ഇടിച്ചിട്ടത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ സ്പീഡിലായിരുന്നു വാഹനമോടിച്ചിരുന്നത്. 100 അടി ദൂരത്തേക്കാണ് വാഹനം ജാന്‍വിയെ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാന്‍വിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ജാന്‍വി കൊല്ലപ്പെട്ടത്. കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥനാണ് വാഹനമോടിച്ചിരുന്നത്.

അതേസമയം ജാന്‍വിയുടെ മരണത്തെ പരിഹസിച്ച് ഒരു പോലീസുദ്യോഗസ്ഥന്‍ സംസാരിക്കുന്ന ബോഡി ക്യാം വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

തിങ്കളാഴ്ചയോടെയാണ് സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ബോഡി ക്യാം വീഡിയോ പുറത്തുവിട്ടത്. ഇതിലാണ് ഡാനിയല്‍ ഓഡറര്‍ എന്ന പോലീസുദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തെപ്പറ്റി പരിഹാസപൂര്‍വ്വം സംസാരിക്കുന്നത്. ഡേവിനെതിരെ അന്വേഷണം ഉണ്ടായേക്കാമെന്ന സാധ്യതയെയും അദ്ദേഹം തള്ളികളഞ്ഞിരുന്നു. ഇക്കാര്യവും വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.

സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റാണ് ഡാനിയേല്‍. ഗില്‍ഡിന്റെ പ്രസിഡന്റായ മൈക്ക് സോളനുമായി ഇദ്ദേഹം ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ബോഡി ക്യാമില്‍ പതിഞ്ഞത്. മരണത്തെപ്പറ്റി ചിരിച്ചുകൊണ്ടാണ് ഇദ്ദേഹം സംസാരിച്ചത്. ‘ഒരു ചെക്ക് എഴുതി കൊടുത്താല്‍’ മതിയെന്നും ഇദ്ദേഹം വീഡിയോയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

Also read-നെതര്‍ലന്‍ഡ്‌സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച് ആഫ്രിക്കന്‍ സ്വദേശിനികള്‍; നടുക്കി വീഡിയോ

‘പതിനൊന്നായിരം ഡോളര്‍ മതി. അവളുടെ പ്രായം 26 അല്ലേ. അവള്‍ക്ക് ചെറിയ വാല്യൂ മാത്രമേ ഉള്ളൂ,” എന്നും ഇദ്ദേഹം പറയുന്നുണ്ട്.

” അവള്‍ മരിച്ചു,” എന്ന് ഡാനിയേല്‍ ചിരിച്ചുകൊണ്ടാണ് പറയുന്നത്.

” ഏയ് അല്ല. ഒരു സാധാരണക്കാരിയാണ്,” എന്നും ഡാനിയേല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിനിടെയുള്ള ദൃശ്യങ്ങളാണ് ബോഡി ക്യാമില്‍ പതിഞ്ഞത്. അതുകൊണ്ട് തന്നെ ഡാനിയേലിന്റെ ഭാഗം മാത്രമെ ബോഡി ക്യാമില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.

അതേസമയം അഭിഭാഷകരെ പരിഹസിച്ചാണ് താന്‍ അത്തരമൊരു അഭിപ്രായം പറഞ്ഞതെന്നാണ് ഡാനിയേലിന്റെ വാദം. കൂടാതെ ഫോണ്‍ സംഭാഷണത്തിനിടെ സോളന്‍ ആ പെണ്‍കുട്ടിയുടെ മരണത്തെ അപലപിച്ചുവെന്നും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരെ പരിഹസിക്കാനാണ് താന്‍ അത്തരം വാക്കുകള്‍ ഉപയോഗിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അക്കൗണ്ടബ്ലിറ്റി ഓഫീസ് അറിയിച്ചു.