‘അന്യഗ്രഹജീവികളുടെ ഭീഷണി’; യുഎപി റിസര്‍ച്ച് ഡയറക്ടറെ നിയമിച്ച് NASA


അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍. അണ്‍ ഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (UAP)കളെപ്പറ്റി പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം യുഎപി റിസര്‍ച്ച് ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

യുഎപികളുടെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നിരീക്ഷങ്ങള്‍ വളരെ കുറച്ച് മാത്രമേ സംഘടിപ്പിച്ചിട്ടുള്ളു. അതിനാല്‍ അവയുടെ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രീയ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ മേഖലകളില്‍ നിന്നുള്ള 16 വിദഗ്ധര്‍ അടങ്ങിയ സ്വതന്ത്രസംഘത്തെയാണ് യുഎപി പഠനത്തിനായി നിയോഗിച്ചത്. യുഎസ് വ്യോമാതിര്‍ത്തിയിലെ സുരക്ഷയ്ക്ക് യുഎപികള്‍ ഭീഷണിയുയര്‍ത്തുന്നുണ്ട് എന്ന കാര്യം സംഘം സമ്മതിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ചിട്ടയായ പഠനം ആവശ്യമാണെന്നും സംഘം വെളിപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയും പഠനത്തിനായി ഉപയോഗിക്കേണ്ടിവരുമെന്നും സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

” എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിക്കേണ്ടതും അവയെപ്പറ്റി പര്യവേക്ഷണം നടത്തേണ്ടതും നാസയുടെ പ്രഥമ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. സമീപ ഭാവിയില്‍ നാസയ്ക്ക് യുഎപിയെപ്പറ്റി എങ്ങനെ പഠിക്കാനും വിശകലനം ചെയ്യാനും സാധിക്കും എന്നതിനെപ്പറ്റി ഒരു ധാരണ നല്‍കിയ സ്വതന്ത്ര പഠന സംഘത്തിന് നന്ദി രേഖപ്പെടുത്തുന്നു,” എന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു.

യുഎപി ഗവേഷണത്തിനായി നാസ നിയമിക്കുന്ന റിസര്‍ച്ച് ഡയറക്ടര്‍ ഈ വിഷയത്തിലുള്ള ശാസ്ത്രീയ വീക്ഷണം വികസിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരാശിയുടെ നന്മയ്ക്കായി ഈ ഗവേഷണം സുതാര്യമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് യുഎപി റിസര്‍ച്ച് ഡയറക്ടറുടെ ജോലി ?

യുഎപി ഗവേഷണത്തിനായുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളില്‍ കാര്യമായ പിന്തുണ നല്‍കുകയെന്നാണ് റിസര്‍ച്ച് ഡയറക്ടറുടെ പ്രധാന ജോലി.

” യുഎപി മൂല്യനിര്‍ണ്ണയത്തിനായി ശക്തമായ ഡേറ്റബേസ് സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ് റിസര്‍ച്ച് ഡയറക്ടറുടെ പ്രധാന ഉത്തരവാദിത്തം. ഇതിനാവാശ്യമായ ഡാറ്റ അനലിറ്റിക്കല്‍ കഴിവുകള്‍ വികസിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുക തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. യുഎപി നിരീക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നാസയുടെ വൈദഗ്ധ്യം റിസര്‍ച്ച് ഡയറക്ടര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്,” നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുഎപി നിരീക്ഷണത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ നാസയ്ക്ക് കഴിയുമെന്നാണ് സ്വതന്ത്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎപിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നതിന് നാസയ്ക്ക് തങ്ങളുടെ ഓപ്പണ്‍ സോഴ്‌സ് റിസോഴ്‌സുകളും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഡേറ്റാബേസ് നിര്‍മ്മിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 നാസയ്ക്ക് പുറത്ത് രൂപീകരിച്ച സ്വതന്ത്രസംഘം നിരവധി സ്രോതസ്സുകളില്‍ നിന്നാണ് ഡേറ്റ സ്വരൂപിച്ചത്. സിവിലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍, വാണിജ്യ സംഘങ്ങളില്‍ നിന്നുള്ള ഡേറ്റ തുടങ്ങിയ സോഴ്‌സുകളില്‍ നിന്ന് ലഭിച്ച വര്‍ഗ്ഗീകരിക്കാത്ത വിവരങ്ങള്‍ സംഘം ഉപയോഗിച്ചിരുന്നു.

” ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ അന്വേഷണത്തിനും തുറന്ന ആശയവിനിമയത്തിനുമായി തരംതിരിക്കാത്ത ഡേറ്റ ഉപയോഗിക്കേണ്ടത് അത്യാന്താപേക്ഷിതമായിരുന്നു,” എന്ന് സൈമണ്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റും യുഎപി സ്വതന്ത്രപഠന സംഘത്തിന്റെ അധ്യക്ഷനുമായ ഡേവിഡ് സ്‌പെര്‍ഗല്‍ പറഞ്ഞു.

” നാസയുടെ സുതാര്യത ശാസ്ത്രീയ സമഗ്രത എന്നീ ആശയങ്ങളുമായി സംയോജിച്ചാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭാവി യുഎപി പര്യവേക്ഷത്തിന് വെളിച്ചം വീശുന്ന ആശയങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാരിന്റെ യുഎപി പര്യവേക്ഷണത്തെ സഹായിക്കാന്‍ നാസയ്ക്ക് കഴിയുമെന്നും പഠനത്തിലൂടെ ഞങ്ങള്‍ കണ്ടെത്തി”, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് യുഎപി പ്രതിഭാസങ്ങളെപ്പറ്റി പഠിക്കാന്‍ നാസ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പണ്ടുമുതലെ ഈ വിഷയം ജനങ്ങളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ടെങ്കിലും മുഖ്യധാര ശാസ്ത്രലോകം ഈ വാദങ്ങളെ എതിര്‍ത്തിരുന്നു. അതേസമയം ശരിയായ നിഗമനങ്ങളിലെത്തിച്ചേരാന്‍ നിലവിലുള്ള ഡേറ്റയും റിപ്പോര്‍ട്ടുകളും പര്യാപ്തമല്ലെന്ന് സ്വതന്ത്രസംഘം കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ പുറത്തിറക്കിയ അവരുടെ പ്രാഥമിക നിരീക്ഷണ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്.