ലി ഷാങ്ഫു എവിടെ? ചൈനീസ് പ്രതിരോധ മന്ത്രിയെ രണ്ടാഴ്ചയായി പൊതുവേദികളില്‍ കാണാനില്ല


രണ്ടാഴ്ചയായി ചൈനയുടെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ പൊതുവേദികളില്‍ കണ്ടിട്ട്. ബെയ്ജിംഗില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ശേഷം ചൈനീസ് പ്രതിരോധ മന്ത്രിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല.

ലീ ഷാങ്ഫു പൊതുവേദികളില്‍ കാണാത്തത് ചൈനയ്ക്ക് പുറത്ത് പല ഊഹാപോഹങ്ങളും ഉയരാന്‍ കാരണമായിരിക്കുകയാണ്. നേരത്തെ ഒരു മാസത്തോളമായി കാണാതായ ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പുറത്താക്കിയിരുന്നു. പിന്നീട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്സിന്റെ ചുമതലയുള്ള കമാന്‍ഡര്‍മാരായ ലി യുച്ചാവോ, ഷു സോങ്‌ബോ എന്നിവരെയും നീക്കം ചെയ്തിരുന്നു. ഇവ രാജ്യത്തിന്റെ ആണവ, ബാലിസ്റ്റിക് മിസൈലുകളുടെ ആയുധശേഖരത്തിന് മേല്‍നോട്ടം വഹിക്കുന്ന രാജ്യത്തിന്റെ സൈനിക ശാഖയാണ്.

ഞായറാഴ്ച ചൈനയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ സൈന്യത്തിനുള്ളില്‍ ഐക്യവും സ്ഥിരതയും വേണമെന്ന ആവശ്യം ഷി ജിന്‍പിങ് ഉന്നയിച്ചിരുന്നു. സൈനികര്‍ക്ക് മികച്ച വിദ്യാഭ്യാസവും മാനേജ്‌മെന്റും ഉറപ്പാക്കുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലി എവിടെയെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയിട്ടില്ല.

ഈ മാസം ആദ്യം, ജപ്പാനിലെ യുഎസ് അംബാസഡര്‍ റഹ്ം ഇമ്മാനുവല്‍, ക്വിന്‍ ഗാങ്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്‌സ് ജനറല്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും ലി ഷാങ്ഫു എവിടെയെന്ന ചോദ്യങ്ങള്‍ പ്രചരിച്ചിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ഹാര്‍ഡ്വെയര്‍ സംഭരണവുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ അന്വേഷണത്തിനിടെയാണ് ഷാങ്ഫുവിന്റെ തിരോധാനം. ജൂലൈയിലാണ് അന്വേഷണം ആരംഭിച്ചത്. പിഎല്‍എയുടെ എക്യുപ്മെന്റ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനെക്കുറിച്ചുള്ള അന്വേഷണത്തില്‍, എട്ട് പ്രശ്നങ്ങള്‍ എടുത്തുകാണിക്കുകയും പദ്ധതികള്‍, സൈനിക യൂണിറ്റുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതും ചില കമ്പനികള്‍ക്ക് ബിഡ്ഡുകള്‍ ഉറപ്പാക്കാന്‍ സഹായം ലഭിച്ച കേസിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

2017 ഒക്ടോബര്‍ മുതലുള്ള ഈ പ്രശ്നങ്ങള്‍ അന്വേഷിക്കുകയാണെന്ന് ചൈനീസ് സൈന്യം പറയുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ 2022 വരെ ഉപകരണ വിഭാഗത്തിന്റെ തലവനായിരുന്നു ലി, എന്നിരുന്നാലും, അദ്ദേഹം തെറ്റ് ചെയ്തതായി സംശയിക്കുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്കുകിഴക്കന്‍ ചൈനയിലേക്കുള്ള പര്യടനത്തില്‍ ചൈനയുടെ ഉന്നത സൈനിക സമിതിയുടെ വൈസ് ചെയര്‍മാന്‍ ഷാങ് യൂക്സിയയും ഷിയെ അനുഗമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.