ചൈനയിലെ മിസ്റ്ററി വൈറസ്; കരുതലോടെ ലോകം, സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമോ?


ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിന്റെ വാർത്തകൾ ലോകത്തെയാകെ ജാഗരൂകരാക്കിയിട്ടുണ്ട്. മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയ ആണ് ബീജിങ്ങിൽ പടരുന്നത്. മിസ്റ്ററി വൈറസ് എന്നും ഇതിനെ പറയുന്നു. ഇത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ ആകും. സാധാരണ ജലദോഷത്തിന് സമാനമായ രോഗലക്ഷണങ്ങളുള്ള അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണ് മൈകോപ്ലാസ്മ ന്യുമോണിയ. ചിലപ്പോൾ ചുമ ആഴ്ചകളോളം നീണ്ടുനിൽക്കും. ഈ ബാക്ടീരിയ ബാധിച്ചാൽ ചെറിയ കുട്ടികൾക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

പനി, ശ്വാസകോശ വീക്കം, ശ്വാസകോശത്തിലെ മുഴകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്ങിനിറഞ്ഞ ഇടനാഴികളുടെയും ഇൻട്രാവണസ് ഇൻഫ്യൂഷനിൽ കുട്ടികളുടെയും ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രോഗവ്യാപനം തടയാൻ സ്‌കൂൾ താൽക്കാലികമായി അടച്ചിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കുട്ടികളിലെ രോഗനിർണയം നടത്താത്ത ന്യൂമോണിയയുടെ ക്ലസ്റ്ററുകളെക്കുറിച്ചുള്ള പ്രോഗ്രാം ഫോർ മോണിറ്ററിംഗ് എമർജിംഗ് ഡിസീസ് (പ്രോമെഡ്) റിപ്പോർട്ട് ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന ചൈനയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് സ്ഥിതിഗതികൾ പുറത്തുവന്നത്.

നിലിവിൽ അത്ര ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ നൽകുകയാണ് ചൈന. പല ബാങ്കിങ് ഭീമൻമാരും പ്രതിസന്ധിയിലാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെങ്കിലും ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മയും പ്രോപ്പ‍ർട്ടി വിലക്കയറ്റവും എല്ലാം ഇപ്പോൾ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടുത്ത കടബാധ്യതയിലാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ പലരും. ഈ പ്രശ്‌നങ്ങൾ ബീജിംഗിന് വലിയ തലവേദന സൃഷ്ടിക്കുമ്പോൾ ആണ് അടുത്ത പക‍ർച്ചവ്യാധി എത്തുന്നത്. കോവിഡ് പോലെ ഗുരുതരമാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

അതേസമയം പക‍ർച്ച വ്യാധി നിയന്ത്രിക്കാൻ കഴിയാതെ വരികയോ കൂടുതൽ മരണങ്ങൾ റിപ്പോ‍ർട്ട് ചെയ്യുകയോ ചെയ്താൽ സ്ഥിതി മാറും.
ചൈനയിലെ മൾട്ടിനാഷണൽ കമ്പനികൾ, മറ്റ് രാജ്യങ്ങളിലെ ഓഫീസുകൾ, തൊഴിലാളികൾ, ചൈനയുമായി ബന്ധമുള്ള ആളുകൾ എന്നിവരെ താൽക്കാലികമായി പ്രതിസന്ധി ബാധിച്ചേക്കാം എന്നതുമാത്രമാണ് ഇപ്പോഴുള്ള സൂചനകൾ.