ടെല്‍ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ചു. ഇതേതുടര്‍ന്ന് ഇസ്രയേല്‍ ഗാസയിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ പുനരാരംഭിച്ചു. കരാര്‍ നീട്ടാനുള്ള തീരുമാനം ഇരുപക്ഷവും എടുത്തില്ല. ഖത്തറും ഈജിപ്റ്റും സന്ധി നീട്ടാന്‍ തീവ്രശ്രമം നടത്തുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഗാസയില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകള്‍ തടഞ്ഞുവെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഗാസയുടെ വടക്കന്‍ ഭാഗങ്ങളില്‍ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും ശബ്ദങ്ങള്‍ ഹമാസുമായി ബന്ധപ്പെട്ട മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 24ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് തവണ നീട്ടുകയും ഗാസയില്‍ ബന്ദികളാക്കിയ 105 പേരെയും ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 240 പലസ്തീന് തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു.