മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധി, മുന്നറിയിപ്പ് നല്‍കി  ആരോഗ്യ വിദഗ്ധര്‍


ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോള്‍ കാണപ്പെടുന്നത്. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഈ രോഗത്തില്‍ 250% ന്റെ വര്‍ധനയുണ്ടാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിര്‍ത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും.

ഈ വര്‍ഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ് ഇത്. ബോര്‍ഡിടെല്ല പെര്‍ട്യൂസിസ് ബാക്ടീരിയയാണ് വില്ലന്‍ ചുമയ്ക്ക് പിന്നിലെ വില്ലന്‍. കുട്ടികളുടെ ജീവന് ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന വില്ലന്‍ ചുമയ്ക്ക് എതിരെ 1950 കളില്‍ വാക്സിന്‍ വന്നതോടെ ഒരു പരിധി വരെ കുറഞ്ഞിരുന്നു.

കുഞ്ഞുങ്ങളെ മാത്രമല്ല, മുതിര്‍ന്നവരേയും വില്ലന്‍ ചുമ ബാധിക്കും. ഹെര്‍ണിയ, ചെവിയില്‍ ഇന്‍ഫെക്ഷന്‍, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് വില്ലന്‍ ചുമ കാരണമാകാറുണ്ട്.