ഇസ്രായേല്‍ സൈനികരെ ഹണിട്രാപ്പില്‍ പെടുത്തി ഇറാന്‍ വനിതകളെ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചു: റിപ്പോര്‍ട്ട്


ടെല്‍ അവീവ് :  ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ സൈനികരെ ഹണിട്രാപ്പില്‍ പെടുത്തി ഇറാന്‍ വനിതകളെ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. വടക്കന്‍ നഗരമായ മഷാദില്‍ ഹീബ്രു ഭാഷയറിയാവുന്ന ഒരു കൂട്ടം ഇറാന്‍ സ്ത്രീകളെ ഈ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഇറാന്‍ ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകള്‍ ഇസ്രായേല്‍ സൈനികര്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ച് ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഈ ഇറാനിയന്‍ വനിതകള്‍ക്ക് പരിശീലനം നല്‍കിയത് ഇറാനിലെ റവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഹീബ്രു ഭാഷയില്‍ മികച്ച പരിശീലനം നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ഇസ്രായേല്‍ സൈനികരുമായി എങ്ങനെ ബന്ധപ്പെടണമെന്നും അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടത് എങ്ങനെയാണെന്നും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇസ്രായേലി സൈനികരെ വലയിലാക്കാന്‍ വേണ്ടി അവര്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 22 വ്യത്യസ്ത പ്രൊഫൈലുകളില്‍ നിന്നാണ് ഇസ്രായേല്‍ സൈനികരെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. ഇതില്‍ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും മഷാദ് നഗരത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പേര് സമീറ ബാഗ്ബാനി തര്‍ഷിജി, ഹനിയ ഗഫാരിയന്‍ എന്നിങ്ങനെയാണെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.