‘ഹാഫീസ് സയീദിനെ വിട്ടുതന്നേ പറ്റൂ’- പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ


രാജ്യം നടുങ്ങിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് സയീദിനെ തങ്ങൾക്കു കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാക് മാധ്യമമായ ഇസ്ലാമാബാദ് പോസ്റ്റാണ് ഈ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. പാകിസ്ഥാനിൽ നിന്ന് ഹാഫിസ് സയീദിനെ കൈമാറാൻ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി അഭ്യർത്ഥിച്ചതായാണ് ഇസ്ലാമാബാദ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചനകളനുസരിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യാ ഗവൺമെൻ്റിൽ നിന്ന് ഒരു ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചുവെന്നും പാക് മാധ്യമം അവകാശപ്പെടുന്നു.

മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയും ഇയാളുടെ സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 10 മില്യൺ ഡോളറാണ് യുഎസ് ഹാഫീസ് സയീദിൻ്റെ തലയ്ക്കു വിലയിട്ടിരിക്കുന്നത്.

ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ഹാഫിസ് മുഹമ്മദ് സയീദ് നിരോധിത ജമാഅത്ത് ഉദ് ദവയുടെ ചില നേതാക്കൾക്കൊപ്പം 2019 മുതൽ ജയിലിലാണ്. തീവ്രവാദ ഫണ്ടിംഗ് കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് ഇയാൾ ജയിലിനുള്ളിൽ കഴിയുന്നത്. 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻനിര സംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി.