ടോക്കിയോ: ജപ്പാനിൽ സുനാമി. അഞ്ച് മീറ്ററോളം ഉയർന്ന തിരമാലകൾ ജപ്പാൻ തീരത്തെത്തി. തിങ്കളാഴ്ച മധ്യ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇപ്പോഴിതാ, സുനാമിത്തിരകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുനാമി സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ മേഖലയില്‍ പ്രാദേശിക സമയം ഏകദേശം 4:10 ന് ആണ് ഭൂകമ്പമുണ്ടായത്.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ടോയാമ നഗരത്തില്‍ ആഞ്ഞടിച്ച സുനാമിയുടെ ആദ്യ തിരമാലകള്‍ വ്യക്തമാണ്. 1.2 മീറ്റര്‍ ഉയരത്തില്‍ എത്തിയ തിരമാലകള്‍ ഇഷികാവ പ്രിഫെക്ചറിലെ വാജിമ തുറമുഖത്തെ അടിച്ചുവീഴ്ത്തിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വേ നോട്ടോ മേഖലയില്‍ ദ്രുതഗതിയിലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
ഭൂകമ്പവും സുനാമിയുമായി ബന്ധപ്പെട്ട് ആർക്ക് വേണമെങ്കിലും ബന്ധപ്പെടുന്നതിനായി ജപ്പാനിലെ ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. സഹായം തേടുന്നതിന് ജപ്പാനിലെ ഇന്ത്യൻ ഓഫീസ് എമർജൻസി നമ്പറുകളും ഇമെയിൽ ഐഡികളും നൽകിയിട്ടുണ്ട്. മധ്യജപ്പാനിലെ തീരപ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനങ്ങളും ചെറിയ തരത്തിലുള്ള സുനാമിയും ഉണ്ടായത്. വലിയരീതിയിലുള്ള സുനാമിക്ക് സാധ്യകളുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് എമർജൻസി കൺട്രോൾ റൂം തുറന്നത്.