ടോക്കിയോ: ജപ്പാനിലെ ഭൂകമ്പത്തിലും സുനാമിയിലും എട്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ജപ്പാനില്‍ ചെറുതും വലുതുമായ 155 ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതില്‍ 7.6, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളും ഉണ്ടായി.
മിക്ക പ്രകമ്പനങ്ങളും റിക്ടര്‍ സ്കെയില്‍ 3 ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയതായിരുന്നു എന്ന് ജപ്പാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രകമ്പനത്തിന്റെ ശക്തി ക്രമേണ മിതമായെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് ശക്തമായ കുലുക്കങ്ങള്‍ അനുഭവപ്പെട്ടതായി ജെ എം എ അറിയിച്ചു. ഭൂകമ്പങ്ങളുടെ ഫലമായി ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ സുനാമി തിരമാലകളും ഉണ്ടായി.
നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍, തുറമുഖത്ത് മുങ്ങിയ ബോട്ടുകള്‍, കത്തി നശിച്ച വീടുകള്‍, വൈദ്യുതിയില്ലാത്ത പ്രദേശങ്ങള്‍ എന്നിവ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളാകുകയാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.