ജപ്പാനിൽ റൺവേയിലിറങ്ങവേ വിമാനത്തിന് തീപിടിച്ചു; വിമാനം കത്തിയമർന്നു – വീഡിയോ


ടോക്കിയോ: ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ റൺവേയിൽ ഇറങ്ങവേ വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുണ്ട്. ആളപായമില്ല. പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെയിലെ തത്സമയ ദൃശ്യങ്ങൾ വിമാനത്തിന്റെ ജനാലകളിൽ നിന്ന് തീജ്വാലകൾ പുറത്തേക്ക് വരുന്നത് കാണിച്ചു. വിമാനം കത്തിയമർന്നു.

തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്‌. ഷിന്‍ ചിറ്റോസെയില്‍നിന്ന് ഹാനഡയിലേക്ക് വന്ന ജെ.എ.എല്‍. 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്. റണ്‍വേയില്‍ ഒന്നിലധികം സ്ഥലങ്ങളിൽ വെച്ച് തീപിടുത്തമുണ്ടായി.

ഹോക്കൈഡോയിലെ ഷിൻ-ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് ഉത്ഭവിച്ച വിമാനത്തിൽ 400-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് ജപ്പാൻ എയർലൈൻസ് വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എൻഎച്ച്കെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വീഡിയോ;