ജപ്പാനെ വിറപ്പിച്ച ഭൂകമ്പത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത്



ടോക്കിയോ: പുതുവത്സര ദിനത്തിൽ കിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ മധ്യഭാഗത്ത് ഉണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 57 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ചെറിയ സുനാമിയും ജപ്പാനിൽ ഉണ്ടായി. ഇതിന്റെയെല്ലാം ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് ജപ്പാൻ ജനത.

യുഎസ് ബഹിരാകാശ സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസിൽ നിന്ന് ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ നോട്ടോ ഉപദ്വീപിലെ തീരദേശ നഗരങ്ങളായ സുസു, വാജിമ എന്നിവിടങ്ങളിൽ ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്‌ത നാശത്തിന്റെ വ്യാപ്തി കാണിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ചിത്രങ്ങൾ പകർത്തിയത്. ഇതിന് മുൻപ് 2016 ലായിരുന്നു ജപ്പാനെ ഭയപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് കുമാമോട്ടോ നഗരത്തിൽ കുറഞ്ഞത് 270 പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ഏകദേശം 2 ലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ഭൂകമ്പത്തിന്റെ ആഘാതം വളരെ കഠിനമായിരുന്നു. തകർന്ന റോഡുകളും അടിസ്ഥാന സൗകര്യങ്ങളുടെ നാശവും കാരണം വിദൂര ഉപദ്വീപിന്റെ വടക്കൻ പ്രദേശം അപ്രാപ്യമാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രഖ്യാപിച്ചു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, പ്രാരംഭ ഭൂകമ്പത്തിന് ശേഷം 100 ലധികം തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തീരദേശ നഗരമായ സുസുവിലാണ് ഭൂകമ്പവും തുടർന്നുള്ള സുനാമിയും ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് കരുതപ്പെടുന്നു. 5,000-ത്തിലധികം വീടുകളുള്ള ഈ പട്ടണത്തിലെ 90 ശതമാനം വീടുകളും നശിച്ചിട്ടുണ്ടാകാമെന്ന് മേയർ മസുഹിറോ ഇസുമിയ പറഞ്ഞു.

ഭൂകമ്പം വീടുകൾ നിലംപരിശാക്കുക മാത്രമല്ല, പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചതിനാൽ കാറുകളും വീടുകളും വെള്ളത്തിൽ ഒലിച്ച് പോകാനും കാരണമായി. വീടുകൾ ഉൾപ്പെടെ 25 കെട്ടിടങ്ങൾ തകർന്ന നോട്ടോയുടെ വടക്കേ അറ്റത്തുള്ള മറ്റൊരു തീരദേശ നഗരമായ വാജിമയിലേക്കും നാശം വ്യാപിച്ചു. ഭൂകമ്പത്തെത്തുടർന്ന് വിനാശകരമായ തീ പൊട്ടിപ്പുറപ്പെട്ടു, ഇത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തെയും തിരക്കേറിയ പ്രഭാത വിപണിയെയും ചാരമാക്കി. അസൈച്ചി സ്ട്രീറ്റിന് ചുറ്റും, കടകളും താമസസ്ഥലങ്ങളും ഉൾപ്പെടെ ഏകദേശം 200 കെട്ടിടങ്ങൾ കത്തി നശിച്ചു.