റിയാദ്: ഇസ്രായേൽ മന്ത്രിയുടെ ആഹ്വാനത്തെ അപലപിച്ച് സൗദി അറേബ്യ. ഗാസയിൽ നിന്ന് പലസ്തീനികളെ കുടിയിറക്കുമെന്ന ഇസ്രയേൽ മന്ത്രിയുടെ ആഹ്വാനത്തെയാണ് സൗദി അറേബ്യ അപലപിച്ചത്. പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലി ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്താൻ അന്താരാഷ്ട്ര ശ്രമങ്ങൾ ആവശ്യമാണെന്ന് സൗദി അറേബ്യയിലെ അധികൃതർ അറിയിച്ചു. ഇസ്രായേലിനെ ഉത്തരവാദിത്വമുള്ളവരാക്കാൻ അന്താരാഷ്ട്ര സംവിധാനങ്ങൾ സജീവമാകണമെന്ന ആവശ്യവും സൗദി മുന്നോട്ടുവച്ചു.
ഇസ്രയേൽ അധികാരികളുടെ പ്രവർത്തനങ്ങളും പ്രസ്താവനങ്ങളും എല്ലാം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായി മാറുകയാണ്. ഹോക്കിഷ് ഇസ്രായേൽ മന്ത്രിമാരായ ഇറ്റാമര്‍ ബെൻ ഗ്വിറും ബസലേൽ സ്‌മോർട്രിച്ചും നടത്തിയ തീവ്രവാദ പ്രസ്താവനകളെ ശക്തമായി എതിർക്കുന്നു. ലോകരാഷ്ട്രങ്ങൾ ഈ വിഷയത്തിൽ സംയുക്തമായ ഒരു തീരുമാനത്തിലെത്തണം. മന്ത്രിമാരുടെ പ്രസ്താവനകൾ നിരുത്തരവാദപരമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇത്തരം പരാമർശങ്ങൾ അനുയോജ്യമല്ലെന്നും സൗദി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പ്രതികരണവുമായി നെതർലാൻഡ്സും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷിതമായ ഇസ്രായേലിനൊപ്പം സ്വതന്ത്രമായ പലസ്തീനും രൂപപ്പെടണം എന്നാണ് നെതർലാൻഡ്സ് അധികാരികൾ അറിയിച്ചിട്ടുള്ളത്.