താപനില മൈനസ് 40; തണുത്ത് മരവിച്ച് ഫിൻലാൻഡും സ്വീഡനും


അതിശൈത്യത്താല്‍ തണുത്ത് വിറച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനടയില്‍ സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ ദിവസമായിരുന്നു ജനുവരി മൂന്ന് ബുധനാഴ്ച. മൈനസ് 43.6 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. അയല്‍രാജ്യമായ ഫിന്‍ലന്‍ഡിലും സമാനമായ സാഹചര്യമായിരുന്നു.

തണുപ്പും മഞ്ഞും മൂലം പ്രദേശത്തുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. നോർവേ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കാലാവസ്ഥ കാരണം പ്രധാന ഹൈവേകൾ അടച്ചു. ആർട്ടിക് നോർത്ത് ട്രെയിൻ ഗതാഗതത്തിന് തണുപ്പ് സാരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതായി സ്വീഡിഷ് ട്രെയിൻ ഓപ്പറേറ്റർമാർ പറഞ്ഞു. സ്വീഡനില്‍ പലയിടത്തും ട്രെയിന്‍ സര്‍വീസും തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ഗുരുതരമായത്.

ബുധനാഴ്ച അതീവ ജാഗ്രതാ നിര്‍ദേശവും വന്നതോടെ ജനങ്ങള്‍ ആശങ്കയിലായി. ഫിന്‍ലന്‍ഡില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കാലാവസ്ഥ രൂക്ഷമായത്. അടുത്ത ഒരാഴ്ചയോളം സ്ഥിതി തുടരുകയും താപനില മൈനസ് 40 ഡിഗ്രി വരെയാവുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ മൈനസ് 15 മുതല്‍ 20 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയത്.