പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ മോശം പരാമര്‍ശം, മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ്


മാലിദ്വീപ്:  ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടെ പരാമര്‍ശം രാജ്യത്തിന്റെ നിലപാടല്ലെന്ന് മാലിദ്വീപ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. വിവാദ പരാര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ ആണ് നടപടി.

മന്ത്രിമാരായ മറിയം ഷിവുന, മല്‍ഷന്‍, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാലിദ്വീപ് വക്താവ്, ഇബ്രാഹിം ഖലീല്‍ സസ്‌പെന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മന്ത്രി ഹസന്‍ സിഹാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. മന്ത്രി മറിയം ഷിവുന നടത്തിയ പരാമര്‍ശത്തില്‍, ഇന്ത്യ മാലിദ്വീപിനെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചിരുന്നു.

മന്ത്രിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും സര്‍ക്കാരിന്റെ നിലപാട് അല്ലെന്നും മാലിദ്വീപ് പ്രസ്താവന ഇറക്കിയിരുന്നു. നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യ മാലിദ്വീപില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നത്.

മന്ത്രിമാരുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാലിദ്വീപിലേക്കുള്ള 8,000 ഹോട്ടല്‍ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളും ഇന്ത്യക്കാര്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് പ്രശ്‌നപരിഹാരമാര്‍ഗങ്ങളുമായും മാലിദ്വീപ് സര്‍ക്കാര്‍ രംഗത്ത് വന്നത്.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് മാലിദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാര്‍ മോദിക്കെതിരെ പ്രസ്താവന നടത്തിയത്.