7 പേര്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ വാക്സിനേഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനം, ബോംബ് വെച്ചതില്‍ തര്‍ക്കവുമായി താലിബാനും ഐഎസും
ഇസ്ലാമാബാദ്: ഏഴ് പേര്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ പോളിയോ വാക്‌സിനേഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അവകാശത്തര്‍ക്കവുമായി ഭീകരസംഘടനകളായ താലിബാനും ഐഎസും.
ആക്രമണത്തിന് പിന്നാലെ അവകാശ വാദവുമായി പാക് താലിബാന്‍ രംഗത്തെത്തി. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പാക് താലിബാന്‍ അറിയിച്ചു. എന്നാല്‍, തൊട്ടുപിന്നാലെ ഐഎസും രംഗത്തെത്തി. നടത്താത്ത ആക്രമണത്തിന്റെ അവകാശം താലിബാന്‍ ഏറ്റെടുക്കുകയാണെന്നും യഥാര്‍ഥത്തില്‍ തങ്ങളാണ് ആക്രമണം നടത്തിയതെന്നും ഐഎസ് അറിയിച്ചു. എന്നാല്‍, ഐഎസിന്റെ ആരോപണത്തിന് പാക് താലിബാന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ മുന്‍ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് ശേഷം കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.