ഇന്ത്യ തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിന് അജ്ഞാതർ വിഷം നൽകിയതായി പ്രചാരണം


തീവ്രവാദം, അക്രമം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിരവധി രാജ്യങ്ങൾ പടികിട്ടാപ്പുള്ളയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിന് വിഷബാധയേറ്റതായി പ്രചാരണം. സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നിരവധിപ്പേർ ഇത് സംബന്ധിച്ച് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ചിലർ ഇയാൾ മരണപ്പെട്ടു എന്ന് വരെ പറയുന്നുണ്ട്. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല.

അതേസമയം ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും മലേഷ്യ ഇയാളെ വിട്ടു നൽകിയിട്ടില്ല. തന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ചതിനെത്തുടർന്ന് സക്കീർ നായിക്ക് 2016 ൽ ഇന്ത്യ വിട്ടിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസും സക്കീർ നായിക്കിന്റെ പേരിൽ നിലനിൽക്കുന്നുണ്ട്.

2017 മുതൽ സാക്കീർ മലേഷ്യയിലാണ് കഴിയുന്നത്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സാക്കീർ നായിക്കിനെ വിലക്കിയിരുന്നു. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ സാക്കീർ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനമുണ്ട്. 2022-ലെ മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ്, ഭീകര പ്രവർത്തനങ്ങൾക്ക് തനിക്ക് പ്രചോദനമായത് സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വെളിപ്പെടുത്തിയിരുന്നു.