ഹവാന: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ധനത്തിന് 500 ശതമാനം വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. ഒരു ലിറ്റര്‍ പെട്രോളിന് 25 പെസോസാണ് വില (20 യുഎസ് സെന്റ്‌സ്). ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ചിരട്ടി വര്‍ധിച്ച് 132 പെസോ ആയി ഉയരും. പ്രീമിയം പെട്രോള്‍ വില 30 ല്‍ നിന്ന് 156 പെസോ ആയി ഉയരും. കൊവിഡ് പ്രതിസന്ധി, യുഎസ് ഉപരോധം എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്യൂബ നേരിടുന്നത്.
1990 കളിലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ക്യൂബന്‍ സമ്പദ് വ്യവസ്ഥ 2023-ല്‍ രണ്ട് ശതമാനം ചുരുങ്ങുകയും പണപ്പെരുപ്പം 2023-ല്‍ 30 ശതമാനത്തിലെത്തുകയും ചെയ്തു. മിക്കവാറും എല്ലാ അവശ്യ സാധനങ്ങളും സേവനങ്ങളും സബ്സിഡി നിരക്കില്‍ നല്‍കുന്ന ക്യൂബന്‍ സര്‍ക്കാര്‍, ഇന്ധന വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ധനം നല്‍കാനാകില്ലെന്ന് ധനമന്ത്രി അലജാന്‍ഡ്രോ ഗില്‍ പറഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയുടെ വിലയില്‍ 25 ശതമാനം വര്‍ധനവും പ്രകൃതി വാതകത്തിന്റെ വില വര്‍ധനയും വരുത്തി. ഇന്ധന ഇറക്കുമതിക്ക് കൂടുതല്‍ വിദേശനാണ്യം ചെലവാക്കേണ്ടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.