കാഠ്മണ്ഡു: ‘ബുദ്ധ ബോയ്’ എന്ന പേരില്‍ പ്രശസ്തനായ ബുദ്ധ സന്യാസി
ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. ശ്രീബുദ്ധന്റെ പുനര്‍ജന്മമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാം ബഹാദൂര്‍ ബോംജോനിനെയാണ് നേപ്പാള്‍ സിഐബി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കാഠ്മണ്ഡുവിലെ രഹസ്യസങ്കേതത്തില്‍ നിന്നായിരുന്നു അറസ്റ്റ്. 33കാരനായ ഇയാള്‍ ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കൗമാരപ്രായത്തില്‍ തന്നെ രാം ബഹാദൂര്‍ പ്രശസ്തനായി.
അടുത്തിടെ രാം ബഹാദൂറിന്റെ സങ്കേതത്തില്‍ നിന്ന് നാല് പേരെ കാണാതായിരുന്നു. ഇവരുടെ തിരോധാനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവും രാം ബഹാദൂറിനെതിരെ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്
അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. കാഠ്മണ്ഡുവിലെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു രാം ബഹാദൂറെന്ന് പൊലീസ് പറഞ്ഞു. സിഐബി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഇയാള്‍ ജനാലയിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ സിഐബി ഓഫിസിന് മുന്നില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ജനക്കൂട്ടത്തിനിടയിലൂടെയാണ് പൊലീസ് ഇയാളെ കൈവിലങ്ങുമിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. അറസ്റ്റ് സമയത്ത് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 227,000 ഡോളറിന് തുല്യമായ നേപ്പാള്‍ രൂപയും 23,000 ഡോളറിന്റെ മറ്റ് വിദേശ കറന്‍സികളും ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചു. രാം ബഹദൂറിനെ തെക്കന്‍ നേപ്പാളിലെ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
നേപ്പാളില്‍ ഏറെ പ്രശസ്തനാണ് ‘ബുദ്ധ ബാലന്‍’ എന്നറിയപ്പെടുന്ന രാം ബഹാദൂര്‍ ബോംജോന്‍. ഇയാള്‍ക്ക് നിരവധി അനുയായികളും ശിഷ്യന്മാരുമുണ്ട്. നേപ്പാളിലെ ബാര ജില്ലയാണ് സ്വദേശം. ബുദ്ധനുമായുള്ള സാമ്യം കാരണം ഗൗതമ ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശസ്തനായത്.