ഇറച്ചിയിലെ എല്ല് നീക്കുന്ന യന്ത്രത്തിനിടയിൽ കുടുങ്ങി 16 കാരൻ മരിച്ചു: സ്ഥാപനത്തിന് ഒന്നരക്കോടിയിലധികം രൂപ പിഴ


മിസിസിപ്പി: ഇറച്ചിയിലെ എല്ല് നീക്കുന്ന യന്ത്രത്തിനിടയിൽ കുടുങ്ങി 16 കാരൻ മരിച്ച സംഭവത്തിൽ സ്ഥാപനത്തിന് ഒന്നരക്കോടിയിലധികം രൂപ പിഴ വിധിച്ച് അധികൃതർ. അമേരിക്കയിലെ മിസിസിപ്പിയിലെ ഫാക്ടറിയിലാണ് സംഭവം. പൗൾട്രി പ്രോസസിംഗ് യൂണിറ്റിനാണ് പിഴ വിധിച്ചത്. ഫാക്ടറിയിലെ കരാർ ജോലിക്കിടെയാണ് യന്ത്രങ്ങൾക്കിടയിൽപ്പെട്ട് 16 കാരൻ ഡുവാൻ തോമസ് പെരസ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ കരാർ തൊഴിലാളിയായിരുന്നു ഡുവാൻ തോമസ് പെരസ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം വരുത്തിയ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം യുഎസ് ഡോളറാണ് കമ്പനിയ്ക്ക് വിധിച്ചിരിക്കുന്ന പിഴ. ഗ്വാട്ടിമാലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് പെരസ്. ഏഴ് വർഷം മുൻപാണ് പെരസിന്റെ കുടുംബം അമേരിക്കയിലെത്തിയത്. 2023 ജൂലൈ 14 നാണ് പെരസിന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്.

പ്രായപൂർത്തിയാകാത്തവർ ഇത്തരം യന്ത്രങ്ങളിൽ ജോലി ചെയ്യരുതെന്ന് നിബന്ധനയിരിക്കെയാണ് പെരസിനെ ഈ പ്ലാന്റിൽ ജോലി ചെയ്യിപ്പിച്ചിരുന്നത്. അപകടത്തിന് പിന്നാലെ സർക്കാർ നടത്തിയ അന്വേഷണത്തിലാണ് പ്ലാന്റിലെ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്.