ഇറാനെ ഭീഷണിപ്പെടുത്താനാണ് നീക്കമെങ്കില്‍ അവിടെയെല്ലാം ഞങ്ങള്‍ പ്രതികരിക്കും: പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇറാന്‍


ടെഹ്‌റാന്‍: ആവശ്യമുള്ളപ്പോഴെല്ലാം ശത്രുക്കള്‍ക്കെതിരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് തങ്ങളുടെ രാജ്യം ഒരു പരിധിയും വയ്ക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി നിലപാട് വ്യക്തമാക്കിയത്.

‘ ഇറാനെ ഭീഷണിപ്പെടുത്താനാണ് ആരുടെയെങ്കിലും നീക്കമെങ്കില്‍ അവിടെയെല്ലാം ഞങ്ങള്‍ പ്രതികരിക്കും. ലോകത്തിലെ വലിയ മിസൈല്‍ ശക്തികളിലൊന്നാണ് ഇറാന്‍. ഭീഷണിപ്പെടുത്താനാണ് ഭാവമെങ്കില്‍ തുടര്‍ന്നുള്ള പ്രതികരണവും അതിന് അനുസരിച്ച് ഉള്ളതായിരിക്കും. അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് പാകിസ്ഥാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്’ മുഹമ്മദ് റെസ വ്യക്തമാക്കി.

ഇറാനിലെ കെര്‍മാനില്‍ 100 ഓളം പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിന് പിന്നാലെ ഇറാഖിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇറാനിലെ പോലീസ് സ്റ്റേഷനില്‍ ജെയ്ഷെ അല്‍-അദല്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം സുന്നി ഭീകര സംഘടനയായ ജയ്ഷ് അല്‍ അദല്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ബലൂചിസ്ഥാനിലെ ഇവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയത്.