ഉപ്പ് ആഗോള കൊലപാതകിയാണെന്ന് ലോകാരോഗ്യ സംഘടന


ജനീവ: നാം നിത്യവും ഉപയോഗിക്കുന്ന ഉപ്പ് ആഗോള കൊലപാതകിയാണെന്ന് ലോകാരോഗ്യ സംഘടന. പ്രതിവര്‍ഷം 1.89 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതിന് ഉപ്പ് കാരണമാകുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ ഒരു ധാതുവാണ് ഉപ്പ്. ഒരു ഭക്ഷ്യവിഭവത്തിന്റെ രുചി നിര്‍ണ്ണയിക്കുന്നതില്‍ ഉപ്പ് വഹിക്കുന്ന പങ്ക് വലുതാണ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അടക്കം നിരവധി ആവശ്യങ്ങള്‍ക്ക് നാം ഉപ്പ് ഉപയോഗിക്കുന്നു. ശരീരത്തില്‍ ധാതുക്കളെയും ജലാംശത്തെയും ശരിയായ അളവില്‍ നിലനിര്‍ത്തുന്നതിലും ഉപ്പിന് പ്രധാന പങ്കുണ്ട്. എന്നിരുന്നാലും മനുഷ്യന്റെ ജീവനെടുക്കാനും ഉപ്പ് മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് കാരണം പ്രതിവര്‍ഷം 1.89 ദശലക്ഷമാളുകള്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഗുരുതരമായ ഹൃദ്രോഗങ്ങളുമാണ് ഉപ്പിന്റെ അമിതോപയോഗം കാരണമുണ്ടാകുന്നത്. വയറില്‍ കാന്‍സര്‍, വയറ്റില്‍ വീക്കം, തലവേദന എന്നീ പ്രയാസങ്ങള്‍ക്കും ഉപ്പിന്റെ അധിക ഉപയോഗം കാരണമാക്കും.

സാധാരണയായി 9-12 ഗ്രാം ഉപ്പാണ് ഒരു മനുഷ്യന്‍ പ്രതിദിനം ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രോസസ്ഡ് ഫുഡുകളിലാണ് ഏറ്റവുമധികം ഉപ്പുള്ളത്. എന്നാല്‍ 1500-2300 മില്ലി ഗ്രാം ഉപ്പ് മാത്രമേ ഒരുദിവസം കഴിക്കാവൂ എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രഡ്, സോസേജ്, ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ചീസ്, മഫിന്‍സ്, കേക്ക്, കുക്കീസ്, സൂപ്പ് എന്നിവ സ്ഥിരമായി കഴിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിക്കുന്നത്. കഴിവതും പുറത്തുനിന്നുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നത് ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കാന്‍ സഹായിക്കും.