പാകിസ്ഥാനില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം 26 ദശലക്ഷമായി ഉയര്‍ന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്


ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. നടപ്പ് വര്‍ഷം സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 26 ദശലക്ഷമായി ഉയര്‍ന്നു . പാക് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ കണക്ക് അനുസരിച്ച് 26 ദശലക്ഷം കുട്ടികള്‍ വിദ്യാഭ്യാസം ലഭിക്കാതെ വീടുകളില്‍ തന്നെ തുടരുകയാണ്.

സ്‌കൂള്‍ പ്രായത്തിലുള്ള 39 ശതമാനം കുട്ടികള്‍ക്കും നിലവില്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ബലൂചിസ്ഥാനില്‍ 65 ശതമാനം കുട്ടികളും സ്‌കൂളിന് പുറത്താണ്.

60 ശതമാനം കുട്ടികളും ഹയര്‍സെക്കന്‍ഡറി ആകുമ്പോഴേക്കും പഠനം അവസാനിപ്പിക്കുകയാണെന്ന് പാക് മാദ്ധ്യമമായ ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മിഡില്‍ തലത്തില്‍ 44 ശതമാനവും പ്രൈമറി തലങ്ങളില്‍ 36 ശതമാനവുമാണ് കൊഴിഞ്ഞു പോക്ക്. പ്രൈമറി വിദ്യാഭ്യാസം ലഭിക്കേണ്ട 1.07 കോടി കുട്ടികള്‍ക്കും അത് ലഭിക്കുന്നില്ല.

കുടുംബങ്ങളിലെ സാമ്പത്തിക അസ്ഥിരതയാണ് വിദ്യാഭ്യാസത്തില്‍ നിന്ന് പിറകോട്ട് വലിക്കുന്നത്. ഉയര്‍ന്ന തൊഴിലില്ലായ്മയും ദാരിദ്രവും ഇതിന് പ്രാധാന കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.