സുസ്ഥിര ഭരണം നിലനില്‍ക്കുന്ന രാജ്യം: ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി ഇന്ത്യ
മുംബൈ: ഹോങ്കോങ്ങിനെ മറികടന്ന് നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യൻ ഓഹരി വിപണി നാലാമത്തെ വലിയ സ്റ്റോക്ക് മാർക്കറ്റാവുന്നത്. ബ്ലുംബർഗാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 4.33 ട്രില്യണ്‍ ഡോളറായി ഉയർന്നതോടെയാണ് ഹോങ്കോങ്ങിനെ മറികടക്കാനായത്. ഹോങ്കോങ് വിപണിയുടെ മൂല്യം 4.29 ട്രില്യണ്‍ ഡോളറായാണ് കുറഞ്ഞത്. ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം നാല് ട്രില്യണ്‍ ഡോളർ കടന്നത്.
റീടെയില്‍ നിക്ഷപകർ ഓഹരി വിപണിയില്‍ കൂടുതലായി പണമിറക്കുന്നതും വിദേശ ഇൻസ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരില്‍ നിന്നുള്ള പണമൊഴുക്കുമാണ് വിപണിക്ക് കരുത്തായത്. ചൈനയ്ക്ക് ബദലെന്ന നിലയില്‍ ഇന്ത്യയുടെ ഉയർച്ചയും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുമൂലം വൻകിട കമ്പനികള്‍ ഇന്ത്യൻ വിപണിയില്‍ നിക്ഷേപം നടത്താൻ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സുസ്ഥിരമായ ഭരണം നിലനില്‍ക്കുന്ന രാജ്യമെന്ന ഖ്യാതിയും ഇന്ത്യൻ ഓഹരി വിപണിക്ക് ഗുണകരമായെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഹോങ്കോങ് ഓഹരി വിപണിക്ക് ഇടക്കാലത്തുണ്ടായ തിരിച്ചടിയും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുകയായിരുന്നു. 2021ല്‍ ഹോങ്കോങ് വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തില്‍ ആറ് ട്രില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. പാശ്ചാത്യ ലോകത്തിന് ചൈനയോടുള്ള എതിർപ്പും ഹോങ്കോങ് വിപണിയുടെ തകർച്ചക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.