ജോലിക്കെത്തുമ്പോൾ പല്ലുതേയ്ക്കാനോ പെർഫ്യൂം ഉപയോഗിക്കാനോ പാടില്ല: പൈലറ്റുമാർക്കും എയർഹോസ്റ്റസുമാർക്കും നിർദ്ദേശം, കാരണം
4.80 ലക്ഷം മുതൽ 6.75 ലക്ഷം വരെ ശമ്പളം ലഭിക്കും. ലോകത്തെ വൻ നഗരങ്ങളിൽ താമസിക്കാം. എയർഹോസ്റ്റസ് എന്ന ജോലി സ്വപ്ന തുല്യമാകുന്നത് ഇതൊക്കെ കൊണ്ടാണ്. എന്നാൽ, ഈ ജോലിക്കെത്തുമ്പോൾ പല്ലു തേയ്ക്കാനോ പെർഫ്യൂം ഉപയോഗിക്കാനോ പാടില്ല. ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയത്ത് പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവർ പാലിക്കേണ്ട പുതുക്കിയ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വിമാന ജീവനക്കാരുടെ മെഡിക്കൽ എക്‌സാമിനേഷന്റെ ഭാഗമായി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പൈലറ്റ്, ക്രൂ എന്നിവർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയത്ത് മൗത്ത് വാഷ്, ടൂത്ത് പേസ്റ്റ്, പെർഫ്യൂം പോലുള്ള വസ്‌തുക്കൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് പുതുക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്. ബ്രെത് അനലൈസർ ടെസ്റ്റിൽ ഇത്തരം വസ്‌തുക്കൾ ഉപയോഗിച്ചു എന്ന് കണ്ടുകഴിഞ്ഞാൽ അവരെ ജോലിയിൽ പ്രവേശിക്കാൻ പോലും അനുവദിക്കില്ല. ഒന്നിൽ കൂടുതൽ തവണ ഇങ്ങനെ സംഭവിച്ച് കഴിഞ്ഞാൽ കടുത്ത ശിക്ഷാ നടപടികളും നേരിടേണ്ടി വരും.
ഇത്തരം വസ്തുക്കളിൽ ആൽക്കഹോൾ ചേർന്നിട്ടുള്ളതിനാൽ ബ്രെത് അനലൈസർ ടെസ്റ്റിൽ പോസിറ്റീവ് ആകാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡും ഏവിയേഷൻ റിക്വയർമെന്റ് ബോർഡും ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് നിയമങ്ങൾ പുതുക്കി അവതരിപ്പിച്ചത്. എന്തൊക്കെയാണ് ഈ പുതിയ നിയമങ്ങളെന്ന് നോക്കാം.
1. ജീവനക്കാർ മൗത്ത് വാഷ്, അല്ലെങ്കിൽ ടൂത്ത് ജെൽ തുടങ്ങി ആൽക്കഹോൾ അടങ്ങിയ ഒരു വസ്തുക്കളും ബ്രത് അനലൈസർ ടെസ്റ്റിന്റെ സമയത്ത് ഉപയോഗിച്ചിട്ടുണ്ടാവാൻ പാടില്ല. സ്ഥിരമായി ഇവ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ ടെസ്റ്റിന് മുമ്പ് കമ്പനിയുടെ ഡോക്ടറെ കണ്ടിരിക്കണം.
2. ബോർഡിംഗ് സ്റ്റേഷനിൽ തന്നെ ബ്രെത് അനലൈസർ ടെസ്റ്റ് നടത്തണം.
3. ഫ്ലയിംഗിന് രണ്ട് ദിവസം മുമ്പ് വരെ സ്ഥലത്ത് ഇല്ലാതിരുന്ന ഓപ്പറേറ്രർമാരുടെ ബ്രെത് അനലൈസർ ടെസ്റ്ര് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
4. ഫ്ലയിംഗിന് മുമ്പായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആ വിവരം ഉടൻ തന്നെ കമ്പനിയെ അറിയിച്ചിരിക്കണം. ഇങ്ങനെയുള്ളവരെ ബ്രെത് അനലൈസർ ടെസ്റ്റിന് വിധേയമാക്കില്ല. കമ്പനി ഡോക്ടർ അനുവദിച്ചാൽ മാത്രമേ ഇവർക്ക് പിന്നീട് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
5. ബ്രെത് അനലൈസർ ടെസ്റ്റ് ചെയ്യാത്തവർ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല.
6. ഇന്ത്യയ്‌ക്ക് പുറത്ത് നിന്ന് വരുന്ന വിമാനമാണെങ്കിൽ ഇന്ത്യയിൽ ലാൻഡ് ചെയ്‌ത ഉടൻ തന്നെ ബ്രെത് അനലൈസർ ടെസ്റ്റ് ചെയ്യുക.
7. ബ്രെത് അനലൈസർ ടെസ്റ്റിന്റെ നടത്തിപ്പിനായി പ്രത്യേകം ഏജൻസികളും കൂടാതെ ഫ്യുവൽ സെൽ ടെക്നോളജിയുള്ള ബ്രെത് അനലൈസറുകളും ഉപയോഗിക്കണം. ഈ നിയമങ്ങൾ പാലിച്ച് മാത്രമേ വിമാന ജീവനക്കാർക്ക് നിലവിൽ ഡ്യൂട്ടി ചെയ്യാൻ സാധിക്കുകയുള്ളു.