കാമുകനെ കൊലപ്പെടുത്തിയ യുവതി മയക്കുമരുന്നിന് അടിമ: യുവതിയെ കോടതി വെറുതെവിട്ടു


കാലിഫോര്‍ണിയ: കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കൊലപാതക സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിഫോര്‍ണിയന്‍ കോടതി യുവതിയെ വെറുതെ വിട്ടത്.

32 കാരിയായ ബ്രെന്‍ സ്പെഷര്‍ 2018 ലാണ് കാമുകനായ ചാഡ് ഒമേലിയയെ കൊലപ്പെടുത്തിയത്. ലഹരിയുടെ പ്രേരണയാല്‍ നടത്തിയ കൊലപാതകമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിന് മാത്രമാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയും 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം ചെയ്യാനും കോടതി ഉത്തരവിടുകയും ചെയ്തു.

ഇരുവരും ഒരുമിച്ച് മരിജുവാന ഉപയോഗിച്ചതിന് ശേഷം നടന്ന വഴക്കിലാണ് കുറ്റകൃത്യം നടന്നത്. ലഹരിക്ക് അടിമയായ യുവതിക്ക് കാനബൈസിഡ്-ഇന്‍ഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോര്‍ഡര്‍ ഉണ്ടെന്നും അതിനാല്‍ സ്വയം നിയന്ത്രിക്കാനുള്ള അവസ്ഥയില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പോലീസ് വീട്ടിലെത്തുമ്പോള്‍ യുവതി സ്വയം മുറിവേല്‍പ്പിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാമുകന്റെ സമീപത്ത് ഇരിക്കുകയായിരുന്നു.

അതേസമയം, മരിജുവാന വലിച്ച് ആരെയെങ്കിലും കൊല്ലാനുള്ള ലൈസന്‍സ് ആണെന്ന് പ്രസ്തുത വിധിയെന്ന് ചാഡിലിന്റെ കുടുംബം പറഞ്ഞു. കോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.